---
title: "ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു."
english_title: "Implement the National Agricultural Workers Act: BKMU."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372358/implement-the-national-agricultural-workers-act-bkmu"
published_at: "2026-07-14T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a560db768094_puls.JPG"
keywords: []
---

# ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

> **Lead Summary:** **മേപ്പയൂര്‍:** കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

**മേപ്പയൂര്‍:** കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വിബിജി രാംജി പദ്ധതി ഉപേക്ഷിക്കുക, തൊഴിലുറപ്പ് ദിനങ്ങള്‍ ഇരുനൂറാക്കി ഉയര്‍ത്തുക ,എഴുന്നൂറ് രൂപ വേതനം നല്‍കുക, കര്‍ഷക തൊഴിലാളികള്‍ക്കായി ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ആറായിരം രൂപയായി വര്‍ദ്ധിപ്പിക്കുക, ഭൂരഹിതരായവര്‍ക്ക് ഭൂമിയും വീടും നല്‍കുക, പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം അജയ് ആവള ഉല്‍ഘാടനം ചെയ്തു. രാജ്യത്ത് അന്നം വിളയിക്കുന്ന കര്‍ഷക തൊഴിലാളികള്‍ അര്‍ഹമായ ആനുകൂല്ല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക തൊഴിലാളികള്‍ വലിയ ചൂഷണത്തിന് ഇരയാവുകയാണ് അവരുടെ ജോലിക്ക് മാന്യമായ കൂലിയും ഭക്ഷണവും ലഭിക്കുന്നില്ല. പകലന്തിയോളം ജോലി ചെയ്യുന്നവര്‍ക്ക് അന്തിയുറങ്ങുന്നതിനുള്ള വീടുകള്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്.

അതോടൊപ്പം ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് 2004-ല്‍ ഇടത് പക്ഷത്തിന്റെ സഹായത്തോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ബികെഎംയു ജില്ലാ സെക്രട്ടറി ടി.സുരേഷ് അധ്യക്ഷത വഹിച്ചു. ബികെഎംയു ജില്ലാ കമ്മിറ്റി അംഗം ബാബു കൊളക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍

സംസ്ഥാന കമ്മിറ്റി അംഗം പി.കെ.കണ്ണന്‍, പി.കെ.രാമന്‍കുട്ടി ,എ.ടി.സുരേഷ് ബാബു, എം.കെ രാമചന്ദ്രന്‍, കെ.ജയരാജന്‍, കെ.സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരപ്പില്‍ ബാലന്‍, ഇ.രാജന്‍, സി.കെ പ്രഭാകരന്‍, രമേശന്‍ തുറയൂര്‍, സി.കെ ശ്രീധരന്‍, എന്‍.പി.കുഞ്ഞിരാമന്‍, എം.രാജന്‍, എം.സി ശോഭ, വി.കെ നാരായണന്‍, രവീന്ദ്രന്‍ അരിക്കുളം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372358/implement-the-national-agricultural-workers-act-bkmu)