---
title: "പേരാമ്പ്ര പുറ്റാട് ജിഎല്‍പി സ്‌കൂളില്‍ കൗതുകക്കാഴ്ച; ഒരേ മുറ്റത്ത് 8 ഇരട്ടക്കുട്ടികള്‍"
english_title: "8 Sets of Twins Studying Together at Puttaad GLP School Near Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372715/perambra-puttaad-glp-school-8-sets-twins"
published_at: "2026-07-16T12:55:00+05:30"
category: "Perambra Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5888d17ae46_perambra-puttaad-glp-school-8-sets-twins.JPG"
keywords: ["Perambra", "Puttaad GLP School", "Twins", "Nochat Panchayat", "Students", "Primary School"]
---

# പേരാമ്പ്ര പുറ്റാട് ജിഎല്‍പി സ്‌കൂളില്‍ കൗതുകക്കാഴ്ച; ഒരേ മുറ്റത്ത് 8 ഇരട്ടക്കുട്ടികള്‍

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രക്കടുത്ത് കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിലെ ഇരട്ടക്കൂട്ടം. ഒരേ ക്ലാസ് മുറിയില്‍ ഒരേ പോലെയുള്ള 8 കുട്ടികള്‍ ഒരുമിച്ച് പഠിക്കുന്ന കാഴ്ച അപൂര്‍വ്വമാണ്.പേരാമ്പ്രക്കടുത്ത് നൊച്ചാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌കൂളിലാണ് ഈ അപൂര്‍വ സംഗമം.

## Article Content

പേരാമ്പ്ര: പേരാമ്പ്രക്കടുത്ത് കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിലെ ഇരട്ടക്കൂട്ടം. ഒരേ ക്ലാസ് മുറിയില്‍ ഒരേ പോലെയുള്ള 8 കുട്ടികള്‍ ഒരുമിച്ച് പഠിക്കുന്ന കാഴ്ച അപൂര്‍വ്വമാണ്.പേരാമ്പ്രക്കടുത്ത് നൊച്ചാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌കൂളിലാണ് ഈ അപൂര്‍വ സംഗമം.

ഈ വിദ്യാലയത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ഇരട്ടക്കുട്ടികള്‍ ഒരേസമയം പഠിക്കുന്നത് ആദ്യമായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്‍.കെ.ജി ക്ലാസില്‍ 2 പേരും, ഒന്നാം ക്ലാസില്‍ 4 പേരും, രണ്ടാം ക്ലാസില്‍ 2 പേരുമാണ് ഇരട്ടകളായി ഇവിടെ പഠിക്കുന്നത്.

പുറ്റാട് സ്വദേശികളായ പേരാണ്ടിയില്‍ പ്രതാപചന്ദ്രന്‍ - പ്രിയങ്ക ദമ്പതികളുടെ മക്കളായ നേദിക്, നൈനിക്, തയ്യുള്ളതില്‍ ശ്രീനിവാസന്‍ - ആശ ദമ്പതികളുടെ മക്കളായ ഐമി, ഐക, പാറേന്റെമീത്തല്‍ ചന്ദ്രന്‍ - റീന ദമ്പതികളുടെ മക്കളായ നിയദ്, നിയാലക്ഷ്മി, തോലന്‍മാവുള്ളതില്‍ ഷിജീഷ് - പ്രജിഷ ദമ്പതികളുടെ മക്കളായ ജെസിന്റ, സിയന്റ എന്നിവരാണ് സ്‌കൂളിലെ ഇരട്ട വിദ്യാര്‍ത്ഥികള്‍.

പരസ്പരമുള്ള സാമ്യത കാരണം പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ഒരേ നിറത്തിലുള്ള യൂണിഫോം ധരിച്ച് സ്‌കൂള്‍ മുറ്റത്ത് ഓടിക്കളിക്കുന്ന ഇവരെ കാണാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറെ സന്തോഷമാണ്. ഈ കൗതുകത്തിന് മാറ്റുകൂട്ടുന്നത് സ്‌കൂളിലെ പ്രധാന അധ്യാപിക ആശാ രജിതയും ഇരട്ടയാണെന്നതാണ്.

തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ കൂടി അയവിറക്കിയാണ് ടീച്ചര്‍ ഈ കുരുന്നുകളെ നോക്കുന്നത്. ഇത്രയധികം ഇരട്ടകള്‍ ഒരു സ്‌കൂളില്‍ എത്തുന്നത് അപൂര്‍വ സംഭവമാണെന്നും ഇത് വിദ്യാലയത്തിന് വലിയ അംഗീകാരമാണെന്നും പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372715/perambra-puttaad-glp-school-8-sets-twins)