---
title: "പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍"
english_title: "Sewage Waste Dumped Again on Perambra Bypass Road, Locals Demand Strict Action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372754/perambra-bypass-sewage-waste-dumped-locals-protest"
published_at: "2026-07-16T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a189dad8d_perambra-bypass-sewage-waste-dumped-locals-protest.JPG"
keywords: ["Perambra", "Bypass Road", "Sewage Dumping", "Public Health", "Perambra Panchayat"]
---

# പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡരികില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയ സംഭവം പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധവും ആശങ്കയും ഉയര്‍ത്തി.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡരികില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയ സംഭവം പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധവും ആശങ്കയും ഉയര്‍ത്തി.

കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവില്‍ അജ്ഞാതര്‍ എത്തി റോഡരികില്‍ മാലിന്യം തള്ളുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് ആദ്യത്തെ സംഭവമല്ല. ഇതേ ബൈപ്പാസ് റോഡില്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണ സമാനമായ രീതിയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്.

അന്ന് രൂക്ഷമായ ദുര്‍ഗന്ധവും പൊതുജനാരോഗ്യ ഭീഷണിയും ഉണ്ടായതോടെ പ്രദേശവാസികള്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

തുടര്‍ന്ന് അന്നത്തെ പേരാമ്പ്ര എസ്.എച്ച്.ഒ ജംഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് നിന്ന് മാലിന്യം കൊണ്ടുവന്ന് തള്ളിയ വാഹനം കണ്ടെത്തുകയും വാഹന ഉടമക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം ആവര്‍ത്തിച്ചതോടെയാണ് നാട്ടുകാര്‍ രോഷാകുലരായിരിക്കുന്നത്.

റോഡരികില്‍ തള്ളുന്ന മാലിന്യം സമീപത്തെ കൃഷിയിടങ്ങളിലേക്കും വെള്ളത്തിലേക്കും ഒഴുകി പരിസര ശുചിത്വത്തിനും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സംഭവമറിഞ്ഞ് പേരാമ്പ്ര പൊലീസും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

മാലിന്യം എത്രയും വേഗം നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കുന്നതിനും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൂടാതെ ബൈപ്പാസിലെ നിര്‍ണായക സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372754/perambra-bypass-sewage-waste-dumped-locals-protest)