---
title: "'കലിയാ കലിയാ കൂയ്...' പേരാമ്പ്രയില്‍ കാര്‍ഷിക ഐശ്വര്യത്തിനായി കലിയന് കൊടുക്കല്‍ ആഘോഷിച്ചു "
english_title: "Kaliyan Kodukkal Festival Celebrated in Perambra for Agricultural Prosperity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372830/perambra-kaliyan-kodukkal-festival-agricultural-tradition"
published_at: "2026-07-16T23:08:00+05:30"
category: "Perambra Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5918971d017_perambra-kaliyan-kodukkal-festival-agricultural-tradition.jpg"
keywords: ["Perambra", "Kaliyan Kodukkal", "Agricultural Festival", "Mithunam", "North Malabar"]
---

# 'കലിയാ കലിയാ കൂയ്...' പേരാമ്പ്രയില്‍ കാര്‍ഷിക ഐശ്വര്യത്തിനായി കലിയന് കൊടുക്കല്‍ ആഘോഷിച്ചു 

> **Lead Summary:** പേരാമ്പ്ര: മിഥുനമാസത്തിലെ അവസാന ദിവസം വടക്കന്‍ മലബാറിലെ ഗ്രാമങ്ങളില്‍ കാര്‍ഷിക ഐശ്വര്യത്തിനായി നടത്തുന്ന അപൂര്‍വ ചടങ്ങാണ് 'കലിയന് കൊടുക്കല്‍'.

## Article Content

പേരാമ്പ്ര: മിഥുനമാസത്തിലെ അവസാന ദിവസം വടക്കന്‍ മലബാറിലെ ഗ്രാമങ്ങളില്‍ കാര്‍ഷിക ഐശ്വര്യത്തിനായി നടത്തുന്ന അപൂര്‍വ ചടങ്ങാണ് 'കലിയന് കൊടുക്കല്‍'.

കൃഷിയുടെയും വിളവിന്റെയും ദേവനായ കലിയനോട് സമൃദ്ധി തേടിയുള്ള ഈ ആചാരം ഇന്നും പേരാമ്പ്ര മേഖലയിലെ നിരവധി വീടുകളില്‍ വിപുലമായി കൊണ്ടാടുന്നു. സന്ധ്യക്കാണ് പ്രധാന ചടങ്ങുകള്‍ നടക്കുക.

കുട്ടികളാണ് ഇതിലെ പ്രധാനികള്‍. മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ ഈര്‍ക്കിള്‍, വാഴത്തട, പ്ലാവില എന്നിവ ഉപയോഗിച്ച് പശു, കാള, ആട്, കോണി, കലപ്പ, ആല, കൂട, ഏങ്ങി തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങള്‍ നിര്‍മ്മിക്കും.

തുടര്‍ന്ന് ചോറ്, കറി, ചക്ക, മാങ്ങ തുടങ്ങിയവ നാക്കിലയില്‍ ഒരുക്കി വെക്കും. നിലവിളക്ക് തെളിച്ച് ഓലച്ചൂട്ട് കത്തിച്ച ശേഷം 'കലിയാ കലിയാ കൂയ്... ചക്കേം മാങ്ങേം തന്നേച്ചു പോണേ' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് വീടിന് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വെക്കും.

പിന്നീട് തൊടിയിലെ പ്ലാവിന്റെ ചുവട്ടില്‍ എത്തി ഒരുക്കിയ നൈവേദ്യങ്ങള്‍ കലിയന് സമര്‍പ്പിച്ച് അടുത്ത വര്‍ഷത്തെ നല്ല വിളവിനും കാര്‍ഷിക പുരോഗതിക്കുമായി പ്രാര്‍ത്ഥിക്കും. ഗ്രാമവാസികളുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും കലിയന്‍ അനുഗ്രഹം നല്‍കുമെന്നാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം.

പലയിടങ്ങളിലും അന്യം നിന്നുപോയെങ്കിലും മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പ് നിവാസികള്‍ ഇന്നും ഈ പാരമ്പര്യം കൃത്യമായി പിന്തുടരുന്നു. ഇത്തവണയും അവിടെ വിപുലമായ ഘോഷയാത്രയോടെയാണ് കലിയനെ വരവേറ്റത്.

കൂനിയത്ത് നാരായണന്‍ കിടാവിന്റെ വീടിന് സമീപത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മൂട്ടപ്പറമ്പ് പീടികയ്ക്ക് സമീപമുള്ള വരിക്കപ്ലാവിന്‍ ചുവട്ടില്‍ സമാപിച്ചു.

തലക്കുട ധരിച്ചും കുരുത്തോല കൊണ്ടുള്ള മേലങ്കിയണിഞ്ഞും കൈയില്‍ കത്തിച്ച ഓലച്ചൂട്ടുമേന്തിയും നാക്കിലയില്‍ ചോറും ചക്കച്ചുളയും കൊണ്ടുമാണ് ഘോഷയാത്ര നീങ്ങിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

കൂനിയത്ത് നാരായണന്‍ കിടാവ്, പി.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, സുനില്‍ ഓടയില്‍, കീഴലാട്ട് സുധാകരന്‍, ശിവദാസ് ശിവപുരി, എം.പി. കേളപ്പന്‍, പി.കെ. സുധാകരന്‍, സി. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372830/perambra-kaliyan-kodukkal-festival-agricultural-tradition)