---
title: "മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം"
english_title: "Kappad Kayalad ALP School Wall Vandalized in Meeppayoor, Complaint Filed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372920/meeppayoor-kayalad-alp-school-wall-damaged-complaint-filed"
published_at: "2026-07-17T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59def18184d_meeppayoor-kayalad-alp-school-wall-damaged-complaint-filed.JPG"
keywords: ["Meeppayoor", "Kayalad ALP School", "School Wall Damage", "Police Complaint"]
---

# മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

> **Lead Summary:** **മേപ്പയൂര്‍ :** കായലാട് എഎല്‍പി സ്‌കൂളിലെ സംരക്ഷണ മതില്‍ തുടര്‍ച്ചയായി തകര്‍ക്കുന്ന സംഭവത്തില്‍ നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക.

## Article Content

**മേപ്പയൂര്‍ :** കായലാട് എഎല്‍പി സ്‌കൂളിലെ സംരക്ഷണ മതില്‍ തുടര്‍ച്ചയായി തകര്‍ക്കുന്ന സംഭവത്തില്‍ നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക.

സ്‌കൂള്‍ കെട്ടിടങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച ചുറ്റുമതിലിന്റെ മുകളിലെ ഒരു വരി കല്ലുകള്‍ കഴിഞ്ഞ ജൂലൈ 6-ന് ആരോ തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു.

സംഭവത്തില്‍ ജൂലൈ 7-ന് മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അടുത്ത ദിവസം സ്‌കൂളിന് സമീപം താമസിക്കുന്ന നൊട്ടിക്കണ്ടി നാരായണന്റെ മകന്‍ മാനേജരുടെ വീട്ടിലെത്തി തങ്ങള്‍ക്ക് 1 മീറ്റര്‍ സ്ഥലം കൂടി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു.

സ്‌കൂളിന്റെ സ്ഥലം നിയമപരമായി വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മൂന്ന് അടിയിലധികം സ്ഥലം വഴിക്കായി വിട്ടാണ് നിലവില്‍ മതില്‍ കെട്ടിയിട്ടുള്ളത്.

അതില്‍ കൂടുതല്‍ സ്ഥലം നല്‍കാന്‍ സ്‌കൂളിന് സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ജൂലൈ 15-ന് രാവിലെ സ്‌കൂളിലെത്തിയപ്പോള്‍ മതില്‍ വലിയ രീതിയില്‍ തകര്‍ന്ന നിലയിലാണ് കണ്ടത്.

സ്‌കൂള്‍ മതില്‍ കാരണമില്ലാതെ തകര്‍ക്കുന്ന പ്രവര്‍ത്തനം തുടരുകയാണെന്നും ഇത് നിരന്തര ശല്യമായി മാറിയെന്നും അധികൃതര്‍ പറയുന്നു. തെരുവുനായകളുടെയും മറ്റ് ജീവികളുടെയും കടന്നുകയറ്റം തടയുന്നതിനും സ്‌കൂളിന്റെ സംരക്ഷണത്തിനുമാണ് സര്‍ക്കാര്‍ ചുറ്റുമതില്‍ നിര്‍ബന്ധമാക്കിയത്.

അത്തരമൊരു സാഹചര്യത്തില്‍ പൊതുവിദ്യാലയത്തിന് നേരെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ അറുതി വരുത്തണമെന്ന് സ്‌കൂള്‍ അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടു. സ്‌കൂള്‍ ശാന്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം പുനഃസ്ഥാപിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372920/meeppayoor-kayalad-alp-school-wall-damaged-complaint-filed)