---
title: "ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി"
english_title: "500 Coconut Shells Dumped in Chenoli Canal Area, Health Officials Inspect Site"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373045/chenoli-canal-coconut-shell-dumping-health-hazard-nochad"
published_at: "2026-07-17T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a43381d942_chenoli-canal-coconut-shell-dumping-health-hazard-nochad.JPG"
keywords: ["Chenoli Canal", "Nochad Panchayat", "Coconut Shell Dumping", "Dengue Fever"]
---

# ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയ സംഭവം നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്കയുയര്‍ത്തി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയ സംഭവം നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്കയുയര്‍ത്തി.

തുമ്പക്കണ്ടി മീത്തല്‍ മുതല്‍ വയലാളിത്താഴ വരെയുള്ള കനാലിന്റെ മുകളില്‍ ഏകദേശം 500-ഓളം ഇളനീര്‍ തൊണ്ടുകളാണ് രണ്ട് ദിവസം മുന്‍പ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായിരിക്കുന്ന ഈ സമയത്ത് ഇത്തരത്തില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ തള്ളുന്നത് ജനാരോഗ്യത്തിന് വലിയ ഭീഷണിയാണ്.

കഴിഞ്ഞ കുറച്ചുകാലമായി ചേനോളി കനാല്‍ പദ്ധതി പ്രദേശം ദൂരദിക്കുകളില്‍ നിന്ന് വാഹനങ്ങളില്‍ വന്ന് രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റുകളും ഇവിടെ സ്ഥിരമായി തള്ളുന്നതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന്റെ ഗൗരവം രാജീവ് രത്‌ന സൗഹൃദ കൂട്ടായ്മ ചേനോളിയുടെ പ്രസിഡന്റ് രഞ്ജിത്ത് തുമ്പക്കണ്ടി ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുജിത്ത്, നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആതിര എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് രാജീവ് രത്‌ന സൗഹൃദ കൂട്ടായ്മ ചേനോളി ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നത് തടയാന്‍ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373045/chenoli-canal-coconut-shell-dumping-health-hazard-nochad)