---
title: "നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ച് മരുതേരി എഎംഎല്‍പി സ്‌കൂള്‍"
english_title: "Maruthery AMLP School Organizes Nadan Pattu Workshop and Competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373218/maruthery-amlp-school-nadan-pattu-workshop-competition"
published_at: "2026-07-18T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b96ac1c4ff_uuuuuiiiiiiiiiiii.JPG"
keywords: ["Maruthery AMLP School", "Nadan Pattu", "Folk Song", "Workshop", "Perambra"]
---

# നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ച് മരുതേരി എഎംഎല്‍പി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **നാടന്‍ കലകളോടുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനായി പേരാമ്പ്ര മരുതേരി എഎംഎല്‍പി സ്‌കൂളില്‍ നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നാടന്‍ കലകളോടുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനായി പേരാമ്പ്ര മരുതേരി എഎംഎല്‍പി സ്‌കൂളില്‍ നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ചു.

മൂന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി 'തിന്താരോ തക' എന്ന പേരിലാണ് പരിപാടി നടത്തിയത്. പാഠപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം അനിരുദ്ധന്‍ തച്ചറോത്ത് നിര്‍വ്വഹിച്ചു.

നാടന്‍ കലകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ അടയാളങ്ങളാണെന്നും അവ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പിടിഎ പ്രസിഡന്റ് ഷാജി മൊളൈറ്റിയില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജിഷ്ണു സി. വാര്യര്‍, വി.കെ. സൗമ്യ, ഇ.കെ. റിന്‍സി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അധ്യാപകനും പ്രശസ്ത നാടന്‍പാട്ട് കലാകാരനുമായ വി.കെ. അമര്‍ ഷാഹിയാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. നാടന്‍പാട്ടിന്റെ ചരിത്രം, വിവിധ താളങ്ങള്‍, ആട്ടവും പാട്ടും എങ്ങനെ ചേര്‍ത്തുപിടിക്കാം എന്നിവയെക്കുറിച്ച് അദ്ദേഹം കുട്ടികള്‍ക്ക് ക്ലാസെടുത്തു.

ശില്പശാലയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി നാടന്‍പാട്ട് മത്സരവും നടത്തി. കുട്ടികള്‍ തങ്ങളുടെ സര്‍ഗവാസന പുറത്തെടുത്ത് ആടിയും പാടിയും പരിപാടിയെ അവിസ്മരണീയമാക്കി.

നാടന്‍ വേഷങ്ങളണിഞ്ഞെത്തിയ കുട്ടികളുടെ അവതരണങ്ങള്‍ സദസ്സില്‍ നിന്ന് വലിയ കയ്യടി നേടി. പ്രധാനധ്യാപിക ടി.കെ. ജിജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മജ് നന്ദിയും പറഞ്ഞു.

കുട്ടികളില്‍ കലാബോധവും ആത്മവിശ്വാസവും വളര്‍ത്തുന്നതിന് ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373218/maruthery-amlp-school-nadan-pattu-workshop-competition)