---
title: "ഉമ്മന്‍ചാണ്ടി അനുസ്മരണവും ശുചീകരണ യജ്ഞവും നടത്തി"
english_title: "Oommen Chandy Remembrance and Cleanliness Drive Held at Changaroth 15th Ward"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373368/changaroth-15th-ward-oommen-chandy-remembrance-cleaning"
published_at: "2026-07-19T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5caa84c95cf_changaroth-15th-ward-oommen-chandy-remembrance-cleaning.JPG"
keywords: ["Changaroth", "Oommen Chandy remembrance", "Changaroth 15th ward", "Mutuvannacha"]
---

# ഉമ്മന്‍ചാണ്ടി അനുസ്മരണവും ശുചീകരണ യജ്ഞവും നടത്തി

> **Lead Summary:** ചങ്ങരോത്ത് : ചങ്ങരോത്ത് മണ്ഡലം 15-ാം വാര്‍ഡ് മുതുവണ്ണാച്ചയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും ശുചീകരണ യജ്ഞവും നടന്നു.

## Article Content

ചങ്ങരോത്ത് : ചങ്ങരോത്ത് മണ്ഡലം 15-ാം വാര്‍ഡ് മുതുവണ്ണാച്ചയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും ശുചീകരണ യജ്ഞവും നടന്നു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡിലെ പൊതുസ്ഥലങ്ങളും റോഡരികുകളും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനം.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം പരിസരത്ത് ചെടികള്‍ നടുന്നതിനും പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ വികസനത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും അനുസ്മരിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.എസ് നിധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി അരുണ്‍ പെരുമന ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഒ.കെ കരുണാകരന്‍, ബൂത്ത് പ്രസിഡണ്ടുമാരായ എം.പി സജീഷ്, കെ.എം പുഷ്പ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ജനപക്ഷ നയങ്ങളും സാധാരണക്കാരോടുള്ള സമീപനവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അദ്ദേഹം നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടികളും വികസന പദ്ധതികളും ഇന്നും ജനങ്ങള്‍ക്ക് ആശ്വാസമാകുന്നുണ്ടെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. വാര്‍ഡിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രദേശവാസികളും പരിപാടിയില്‍ പങ്കെടുത്തു. ശുചിത്വ സന്ദേശം കൂടി പങ്കുവെച്ചുകൊണ്ടുള്ള ഈ അനുസ്മരണം വാര്‍ഡിന് മാതൃകയായി മാറിയെന്ന് സംഘാടകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373368/changaroth-15th-ward-oommen-chandy-remembrance-cleaning)