---
title: "പവര്‍കട്ടിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; ഫ്ലാഷ്‌ലൈറ്റ് മാര്‍ച്ചും മെഴുകുതിരി വിതരണവും"
english_title: "DYFI Protest Against Power Cut in Cheruvannur with Flashlight March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373592/dyfi-protest-power-cut-cheruvannur-flashlight-march"
published_at: "2026-07-20T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e4c97394b9_uyip.JPG"
keywords: ["DYFI", "Cheruvannur", "Power Cut", "Protest", "Flashlight March"]
---

# പവര്‍കട്ടിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; ഫ്ലാഷ്‌ലൈറ്റ് മാര്‍ച്ചും മെഴുകുതിരി വിതരണവും

> **Lead Summary:** ചെറുവണ്ണൂര്‍: പവര്‍കട്ട് വീണ്ടും ഏര്‍പ്പെടുത്തിയതിലൂടെ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

ചെറുവണ്ണൂര്‍: പവര്‍കട്ട് വീണ്ടും ഏര്‍പ്പെടുത്തിയതിലൂടെ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ അങ്ങാടിയില്‍ ഫ്ലാഷ്‌ലൈറ്റ് മാര്‍ച്ചും സൗജന്യ മെഴുകുതിരി വിതരണവും നടത്തി. കൈകളില്‍ ടോര്‍ച്ചും മെഴുകുതിരിയുമേന്തി അണിനിരന്ന പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി മേഖലയിലെ ആസൂത്രണക്കുറവും അഴിമതിയുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഇത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും അവര്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികളുടെ പഠനവും ചെറുകിട വ്യാപാരികളുടെ ബിസിനസും വീട്ടമ്മമാരുടെ ദൈനംദിന ജോലികളും താളം തെറ്റുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

ചെറുവണ്ണൂര്‍ അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അംഗവുമായ മനു ശ്രീപുരം, മേഖലാ പ്രസിഡണ്ട് ദിഷാദ്, രശ്മി എന്നിവര്‍ സംസാരിച്ചു.

ജനങ്ങളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നയം പിന്‍വലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പവര്‍കട്ട് പിന്‍വലിക്കുക, ജനങ്ങളെ ദുരിതത്തിലാക്കരുത് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സമാപിച്ചത്. നിരവധി നാട്ടുകാരും യുവജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373592/dyfi-protest-power-cut-cheruvannur-flashlight-march)