---
title: "കൈപ്രം റോഡിന്റെ ദുരവസ്ഥക്കെതിരെ വാഴനട്ട് പ്രതിഷേധം"
english_title: "Protest Against Poor Condition of Kaiparam Road in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373595/perambra-kaiparam-road-protest-banana-planting"
published_at: "2026-07-20T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e511bcfc55_hhy.JPG"
keywords: ["Perambra", "Kaiparam Road", "Protest", "Bad Road", "Sanghamithra Eravattur"]
---

# കൈപ്രം റോഡിന്റെ ദുരവസ്ഥക്കെതിരെ വാഴനട്ട് പ്രതിഷേധം

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ കൈപ്രം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ സംഘമിത്ര എരവട്ടൂരിന്റെ നേതൃത്വത്തില്‍ വാഴനട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ കൈപ്രം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ സംഘമിത്ര എരവട്ടൂരിന്റെ നേതൃത്വത്തില്‍ വാഴനട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായ റോഡിലാണ് പ്രതിഷേധക്കാര്‍ വാഴ നട്ടത്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കല്ലോട് - കൈപ്രം റോഡ് കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

മഴ ശക്തമായതോടെ റോഡില്‍ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇതുമൂലം കുട്ടികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും യാത്ര ചെയ്യുന്നത് ഏറെ ദുഷ്‌കരമായിരിക്കുകയാണ്. റോഡിന്റെ ദുരവസ്ഥ പലതവണ വാര്‍ഡ് അംഗത്തിന്റെയും പഞ്ചായത്ത് അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അധികൃതരുടെ അനാസ്ഥക്കെതിരെയാണ് പ്രതീകാത്മകമായി റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. സംഘമിത്ര എരവട്ടൂര്‍ സെക്രട്ടറി ജി.കെ. പ്രസാദ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍ പോലും യാത്രയോഗ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തരമായി റോഡ് പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജി.കെ. കുഞ്ഞിക്കണ്ണന്‍, ലിബിന്‍ രാജ്, അശ്വന്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

നാട്ടുകാരും യുവജനങ്ങളും വലിയ തോതില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് നിവേദനവും നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373595/perambra-kaiparam-road-protest-banana-planting)