---
title: " കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്ന് വീണു; സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Car Hits Electric Post at Moorikuthi, Scooter Riders Escape Narrowly in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373659/moorikuthi-car-accident-electric-post-kozhikode"
published_at: "2026-07-21T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f07aa9cbd0_ytuuuuu.jpg"
keywords: ["Moorikuthi accident", "Kozhikode car crash", "electric post broken", "KSEB"]
---

#  കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്ന് വീണു; സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര: **മൂരികുത്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റ് മുറിഞ്ഞു വീണ് സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് നാടിനെ നടുക്കിയ വാഹനാപകടം ഉണ്ടായത്.

## Article Content

**പേരാമ്പ്ര: **മൂരികുത്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റ് മുറിഞ്ഞു വീണ് സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് നാടിനെ നടുക്കിയ വാഹനാപകടം ഉണ്ടായത്.

പെട്രോള്‍ പമ്പിന് സമീപത്തെ വളവില്‍ വെച്ച് കുറ്റ്യാടി ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് സമീപത്തുകൂടി കടന്നുപോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെയാണ് പോസ്റ്റ് വീണത്.

എന്നാല്‍ അത്ഭുതകരമായി ഇരുവരും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പോസ്റ്റില്‍ ഇടിച്ചതോടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിച്ചു.

തുടര്‍ന്ന് സമീപത്തെ മരത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാറിന്റെ കൂട്ടിയിടിയില്‍ ഓട്ടോ ഏകദേശം 15 മീറ്ററോളം ദൂരത്തേക്ക് നീങ്ങി വീടിന്റെ മുറ്റത്തോളം എത്തി.

അപകടത്തില്‍ പോസ്റ്റും വൈദ്യുതി ലൈനുകളും റോഡിലേക്ക് വീണതോടെ കൂത്താളി മൂരികുത്തി റോഡിലെ ഗതാഗതം ഒന്നര മണിക്കൂറോളം പൂര്‍ണമായും സ്തംഭിച്ചു.

വിവരമറിഞ്ഞ് ഉടന്‍ തന്നെ നാട്ടുകാരും കെഎസ്ഇബി അധികൃതരും പേരാമ്പ്ര പൊലീസും സംഭവസ്ഥലത്തെത്തി. പോസ്റ്റും ലൈനുകളും റോഡില്‍ നിന്ന് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നവര്‍ക്കും മറ്റു യാത്രക്കാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373659/moorikuthi-car-accident-electric-post-kozhikode)