---
title: " ഡല്‍ഹി വിദ്യാര്‍ത്ഥി പ്രക്ഷോഭം; പേരാമ്പ്രയില്‍ സിഐടിയു സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു"
english_title: "CITU Organizes Evening Dharna in Perambra in Solidarity with Delhi Student Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373693/citu-evening-dharna-perambra-delhi-student-protest"
published_at: "2026-07-21T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f1db5b0c0c_delhi.jpg"
keywords: []
---

#  ഡല്‍ഹി വിദ്യാര്‍ത്ഥി പ്രക്ഷോഭം; പേരാമ്പ്രയില്‍ സിഐടിയു സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: ഡല്‍ഹിയില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഐടിയു അഖിലേന്ത്യ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പേരാമ്പ്രയിലും ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: ഡല്‍ഹിയില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഐടിയു അഖിലേന്ത്യ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പേരാമ്പ്രയിലും ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.

സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പേരാമ്പ്ര മാര്‍ക്കറ്റ് സ്‌ക്വയറിന് സമീപം സായാഹ്ന ധര്‍ണ സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ തലസ്ഥാനത്ത് വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന ഭരണകൂട വേട്ടയ്‌ക്കെതിരെയും, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെയും ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പായി ധര്‍ണ മാറി.

തൊഴിലാളി-വിദ്യാര്‍ത്ഥി ഐക്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചോതിയ സമരം സിഐടിയു ഏരിയ സെക്രട്ടറി കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളും പ്രതികരണ സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുമ്പോള്‍, വിദ്യാര്‍ത്ഥി പോരാട്ടങ്ങള്‍ക്ക് കാവലാളാകാന്‍ തൊഴിലാളി വര്‍ഗ്ഗം എപ്പോഴും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനം രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ.കെ ഗോപി, വി.എം ഷീജ എന്നിവര്‍ സംസാരിച്ചു. ജനകീയ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഈ പോരാട്ടം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തൊഴിലാളികളും അണിനിരന്ന് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കെ.പി സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍

എന്‍.കെ ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373693/citu-evening-dharna-perambra-delhi-student-protest)