---
title: "ചെറുവണ്ണൂരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു"
english_title: "Anti-Drug Awareness Class and Pledge Held in Cheruvannur Under Operation Thu Fan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373705/anti-drug-awareness-class-and-pledge-held-in-cheruvannur-under-operation-thu-fan"
published_at: "2026-07-21T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f276dcaf85_puls.JPG"
keywords: ["anti drug campaign", "Operation Thu Fan", "Cheruvannur news"]
---

# ചെറുവണ്ണൂരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെറുവണ്ണൂര്‍ സ്വരാജ് ജനശ്രീ കൃഷിഭവന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. 

## Article Content

**ചെറുവണ്ണൂര്‍: **ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെറുവണ്ണൂര്‍ സ്വരാജ് ജനശ്രീ കൃഷിഭവന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. 

പരിപാടിയില്‍ കെ.കെ. മനോജ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെയും യുവജനങ്ങളെ അത് ബാധിക്കുന്ന രീതികളെയും കുറിച്ച് കെ.കെ.അജിത് കുമാര്‍ ക്ലാസ് നയിച്ചു. ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാകുന്നുവെന്നും, ഇതിനെതിരെ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ക്ലാസില്‍ അദ്ദേഹം വിശദീകരിച്ചു. 

തുടര്‍ന്ന് വി.പി. കുഞ്ഞബ്ദുള്ള ഹാജി സന്നിഹിതരായവര്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'ലഹരി ഉപയോഗിക്കില്ല, ഉപയോഗിക്കാന്‍ പ്രേരിപ്പിക്കില്ല' എന്ന സന്ദേശം ഉയര്‍ത്തിയുള്ള പ്രതിജ്ഞയില്‍ നിരവധി പേര്‍ പങ്കെടുത്തു. 

കെ.ടി. അമീര്‍, പി.കെ രാജു, കെ.രാമദാസ്, വി.മൂസ്സ, വി.പി.അമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ലഹരി വിമുക്ത കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കെ.സി. അമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എച്ച്.വി.അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു. ലഹരിക്കെതിരായ ബോധവല്‍ക്കരണം തുടര്‍ന്നും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373705/anti-drug-awareness-class-and-pledge-held-in-cheruvannur-under-operation-thu-fan)