---
title: "ജീവന്‍ പണയം വെച്ച് 100 പേരെ രക്ഷിച്ചു:കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുധീഷിന് നാടിന്റെ ആദരവ്"
english_title: "KSRTC Driver Sudheesh Honored for Saving 100+ Passengers in Wayanad Ghat Accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374314/ksrtc-driver-sudheesh-honored-perambra-wayanad"
published_at: "2026-07-24T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630ee4048d8_puls.JPG"
keywords: ["Perambra Bypass", "Road Accident", "Pickup Van", "Scooter Collision"]
---

# ജീവന്‍ പണയം വെച്ച് 100 പേരെ രക്ഷിച്ചു:കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുധീഷിന് നാടിന്റെ ആദരവ്

> **Lead Summary:** **പേരാമ്പ്ര:** വയനാട് ചുരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസിലെ നൂറിലധികം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ധീര ഡ്രൈവര്‍ക്ക് ആദരവ്.

## Article Content

**പേരാമ്പ്ര:** വയനാട് ചുരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസിലെ നൂറിലധികം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ധീര ഡ്രൈവര്‍ക്ക് ആദരവ്.

പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി നടുപറമ്പില്‍ സുധീഷിനെയാണ് ഉണ്ണിക്കുന്ന് മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീട്ടിലെത്തി ആദരിച്ചത്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മാനന്തവാടിയില്‍ നിന്ന് നിറയെ യാത്രക്കാരുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദര്‍ശിനി ബസ് കുറ്റ്യാടി ചുരത്തിലെ 8-ാം വളവില്‍ വെച്ച് ആക്‌സില്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടു.

ബസിന്റെ സ്റ്റിയറിങ് പിടിച്ചിരുന്നത് പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്‍ നടുപറമ്പില്‍ സുധീഷായിരുന്നു. ബസ് അപകട ഭീഷണിയിലാണെന്ന് മനസിലായ ഉടന്‍ സുധീഷ് അസാമാന്യ ധൈര്യവും സാന്നിധ്യവും പ്രകടിപ്പിച്ചു.

തന്റെ കയ്യിലാണ് നൂറിലധികം ജീവനുകളുടെ സുരക്ഷയെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം പരിഭ്രാന്തി കാണിക്കാതെ ബസ് നിയന്ത്രിച്ചു. സമയോചിതമായ ഇടപെടല്‍ മൂലം യാതൊരു അപകടവും കൂടാതെ എല്ലാ യാത്രക്കാരെയും സുരക്ഷിതരാക്കാന്‍ സുധീഷിന് കഴിഞ്ഞു. 

ഒരു നാടിന്റെ തന്നെ അഭിമാനമായി മാറിയ സുധീഷിനെ ആദരിക്കാന്‍ ജനപ്രതിനിധികള്‍ ഉണ്ണിക്കുന്നിലെ വസതിയിലെത്തി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് സുധീഷിന് പൊന്നാട അണിയിച്ച് ആദരിച്ചു.

വി.കെ. സുരേഷ്, കെ. സജീഷ്, കല്ലുംപുറം ഗോപാലന്‍, ബാലകൃഷ്ണന്‍ കുറ്റിക്കണ്ടി, മുനീര്‍ യു.സി., മുരളീധരന്‍ നെരവത്ത് പൊയില്‍, അഷറഫ് വയലാളി തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജീവന്‍ പണയം വെച്ച് മറ്റുള്ളവരെ രക്ഷിച്ച സുധീഷിന്റെ സേവനമനോഭാവം മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ധീരത സമൂഹത്തിന് മുഴുവന്‍ പ്രചോദനമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374314/ksrtc-driver-sudheesh-honored-perambra-wayanad)