---
title: " ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ മരണം: ആശുപത്രിക്കെതിരെ കുടുംബത്തിന്റെ പരാതി"
english_title: "Family Demands Probe After Woman Dies Following Gallbladder Surgery At MMC Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374438/malabar-medical-college-gallbladder-surgery-death-family-demands-probe"
published_at: "2026-07-24T23:59:00+05:30"
category: "News"
language: "ml"
image: "https://perambra.truevisionnews.com/image-uploads/6a63aff5a878b_uuuuutttttttttttttttt.jpg"
keywords: ["MMC", "Gallbladder Surgery", "Patient Death"]
---

#  ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ മരണം: ആശുപത്രിക്കെതിരെ കുടുംബത്തിന്റെ പരാതി

> **Lead Summary:** ഉള്ള്യേരി : പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ച സംഭവത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കക്കട്ടില്‍ സ്വദേശി ബിജുവിന്റെ ഭാര്യ ബസിനിയാണ് മരിച്ചത്.

## Article Content

ഉള്ള്യേരി : പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ച സംഭവത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കക്കട്ടില്‍ സ്വദേശി ബിജുവിന്റെ ഭാര്യ ബസിനിയാണ് മരിച്ചത്.

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായാണ് ഇവര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളാവുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി.

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളും, നല്‍കിയ ചികിത്സാ നടപടികളും, രോഗിയുടെ ആരോഗ്യനിലയില്‍ ഉണ്ടായ മാറ്റങ്ങളും മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങളും വിശദമായി പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെയും ചികിത്സാ സംഘത്തിന്റെയും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

അത് പരിശോധിച്ച് ഉത്തരവാദിത്തം നിര്‍ണയിക്കണമെന്നും വീഴ്ച കണ്ടെത്തുകയാണെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സംഭവത്തില്‍ അത്തോളി പൊലീസ് സ്റ്റേഷനിലും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. നീതിപൂര്‍വവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374438/malabar-medical-college-gallbladder-surgery-death-family-demands-probe)