---
title: "എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികകൂടി അറസ്റ്റിൽ"
english_title: "Third Teacher Arrested In Vadakara MDMA Case Linked To Perambra BRC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375158/vadakara-mdma-case-third-teacher-arrested-perambra-brc-neeshma"
published_at: "2026-07-28T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688be2da5fa_0000_ATTACH_NEESHMA.JPG"
keywords: ["MDMA", "PERAMBRA BRC", "Middlemen", "THOOFAAN"]
---

# എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികകൂടി അറസ്റ്റിൽ

> **Lead Summary:** **വടകര**: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മറ്റൊരു അധ്യാപികകൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ വി.പി. നീഷ്മ യെയാണ് എസ്ഐടി സംഘം പിടികൂടിയത്.

## Article Content

**വടകര**: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മറ്റൊരു അധ്യാപികകൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ വി.പി. നീഷ്മ യെയാണ് എസ്ഐടി സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീഷ്മയെ അറസ്റ്റ് ചെയ്തത്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് നടപടി സ്വീകരിച്ചത്.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ആവശ്യക്കാരെ നേരിട്ട് കാണാതെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയിരുന്നത്. സ്കൂൾ അധ്യാപകരെപ്പോലും വലയിലാക്കുന്ന തരത്തിൽ ലഹരി ശൃംഖല പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

വിഷയത്തിൽ കൂടുതൽപേർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും, ലഹരി എത്തിച്ച വഴികൾ എന്തൊക്കെയാണെന്നും സംഘം വിശദമായി അന്വേഷിച്ച് വരികയാണ്.

അധ്യാപന മേഖലയെ പോലും കളങ്കപ്പെടുത്തിയ സംഭവത്തിൽ സമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലഹരി ഉപയോഗത്തിനും കടത്തിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375158/vadakara-mdma-case-third-teacher-arrested-perambra-brc-neeshma)