---
title: "പേരാമ്പ്രയില്‍ കണിയ്ക്ക് മുമ്പേ പൊടിപൊടിച്ച് കണിക്കൊന്ന കച്ചവടം "
english_title: "fantastic  flower trade in perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37519/fantastic-flower-trade-in-perambra"
published_at: "2022-04-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പേരാമ്പ്രയില്‍ കണിയ്ക്ക് മുമ്പേ പൊടിപൊടിച്ച് കണിക്കൊന്ന കച്ചവടം 

> **Lead Summary:** **പേരാമ്പ്ര: **വിഷുക്കണി വെയ്‌ക്കേണ്ടത് വെള്ളിയാഴ്ച പുലര്‍ച്ചെയാണങ്കിലും ഇന്നലെ വൈകുന്നേരം തന്നെ പേരാമ്പ്രയില്‍ പൊടിപൊടിച്ച കൊന്നപ്പൂകച്ചവടമായിരുന്നു.

## Article Content

**പേരാമ്പ്ര: **വിഷുക്കണി വെയ്‌ക്കേണ്ടത് വെള്ളിയാഴ്ച പുലര്‍ച്ചെയാണങ്കിലും ഇന്നലെ വൈകുന്നേരം തന്നെ പേരാമ്പ്രയില്‍ പൊടിപൊടിച്ച കൊന്നപ്പൂകച്ചവടമായിരുന്നു.

കുറച്ചു ദിവസമായി തിമിര്‍ത്തു പെയ്ത മഴയില്‍ പൂക്കളെല്ലാം കൊഴിഞ്ഞു പോയിരുന്നത് കൊണ്ട് തന്നെ പലരും ഇന്നലെ തന്നെ കൊന്നപ്പൂ വില കൊടുത്ത് വാങ്ങുന്ന തിരക്കിലായിരുന്നു.

വളരെ പ്രയാസപ്പെട്ട് പറിച്ചെടുത്ത കൊന്നപ്പൂക്കള്‍ വഴിയരികില്‍ കച്ചവടക്കാര്‍ നിരത്തി വെച്ചപ്പോള്‍ തന്നെ ആവശ്യക്കാരുടെ തിരക്കേറിയിരുന്നു.

മൂന്നോ, നാലോ കുലകള്‍ ചേര്‍ന്ന ഒരു പിടി കൊന്നപ്പൂക്കള്‍ക്ക് 20 രൂപയാണ് കച്ചവടക്കാര്‍ ഈടാക്കിയത്. പറച്ചെടുക്കുമ്പോള്‍ പെട്ടെന്ന്പൂക്കള്‍ കൊഴിഞ്ഞു പോകുന്നത് കൊണ്ടു തന്നെ കൊന്നപ്പൂക്കള്‍ കൂടുതല്‍ ശേഖരിക്കാന്‍ വളരെ വിഷമമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

വെള്ളോട്ടുരുളിയിലെ വിഷുക്കണിയില്‍ ഏറെ സുന്ദരവും ഐശ്വര്യദായവവുമായ കാഴ്ചയാണ് ഈ പൂക്കള്‍. മഞ്ഞത്തുകില്‍ ചാര്‍ത്തിയ ശ്രീ കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ നിരത്തി വെയ്ക്കുന്ന കണിക്കൊന്ന പൂക്കളുടെ ശോഭ അവര്‍ണ്ണനീയമാണ്.

വിഷുക്കണിയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഇനമായത് കൊണ്ടു തന്നെ എത്ര കൊന്നപൂക്കളുണ്ടങ്കിലും വിറ്റഴിക്കാന്‍ ഒരു പ്രയാസവുമില്ലെന്ന് കച്ചവടക്കാരും പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37519/fantastic-flower-trade-in-perambra)