---
title: "സ്ത്രീകളെ അപമാനിച്ച പ്രസ്താവന: ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ സംഘടന"
english_title: "Mahila Sanghatana Demands Arrest of RSS Leader T.G. Mohandas for Derogatory Remarks"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375285/arrest-tg-mohandas-derogatory-remarks-against-women-mahila-sanghatana"
published_at: "2026-07-29T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a110a6eb3_lio.jpg"
keywords: ["T G Mohandas", "RSS", "Women", "Derogatory Remarks", "Mahila Sanghatana"]
---

# സ്ത്രീകളെ അപമാനിച്ച പ്രസ്താവന: ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ സംഘടന

> **Lead Summary:** **കോഴിക്കോട്: **സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെ ക്രിമിനല്‍ കുറ്റം ചുമത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ആവശ്യപ്പെട്ടു. സ്ത്രീകള്‍, വിശേഷിച്ചും ഇടതുപക്ഷ മതേതരവാദികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിച്ച് നടക്കുന്നവരാണെന്നും അതിനാല്‍ പരാതിപ്പെടില്ലെന്നുമുള്ള ടി.ജി. മോഹന്‍ദാസിന്റെ പരാമര്‍ശം സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതുമാണെന്ന് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

## Article Content

**കോഴിക്കോട്: **സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെ ക്രിമിനല്‍ കുറ്റം ചുമത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ആവശ്യപ്പെട്ടു. സ്ത്രീകള്‍, വിശേഷിച്ചും ഇടതുപക്ഷ മതേതരവാദികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിച്ച് നടക്കുന്നവരാണെന്നും അതിനാല്‍ പരാതിപ്പെടില്ലെന്നുമുള്ള ടി.ജി. മോഹന്‍ദാസിന്റെ പരാമര്‍ശം സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതുമാണെന്ന് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഇത് ഒരു ബലാത്സംഗ കുറ്റവാളിയുടെ ന്യായീകരണ ഭാഷയാണെന്നും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ അശ്ലീല പരാമര്‍ശങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതേസമയം സമരം ചെയ്തവരെയെല്ലാം വെടിവെച്ച് കൊല്ലണമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും സംഘടന കുറ്റപ്പെടുത്തി. ഇതിലൂടെ ജനാധിപത്യത്തെയും നിയമ സംവിധാനങ്ങളെയും ജനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയാണ്.

ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ഇത് വ്യക്തമാക്കുന്നതാണ്.എത്രയും വേഗം മോഹന്‍ദാസിനെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ്  എസ്. സൗഭാഗ്യകുമാരിയും സെക്രട്ടറി കെ.എം. ബീവിയും അധികാരികളോട് ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ശക്തമായി ചെറുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375285/arrest-tg-mohandas-derogatory-remarks-against-women-mahila-sanghatana)