---
title: "വാന്‍ഗോഗ് സ്മൃതിയില്‍ മേപ്പയ്യൂര്‍ സലഫി ഐ.ടി.ഇയില്‍ 'സ്റ്റാറിനൈറ്റ്' അനുസ്മരണവും ചിത്രപ്രദര്‍ശനവും"
english_title: "Starry Night Tribute to Vincent van Gogh Held at Meppayur Salafi ITI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375466/starry-night-vincent-van-gogh-tribute-meppayur-salafi-iti"
published_at: "2026-07-30T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aded18f0b8_tyu.jpg"
keywords: ["Vincent van Gogh", "Starry Night", "Meppayur", "Salafi ITI", "Art Exhibition", "Shaji Kavil"]
---

# വാന്‍ഗോഗ് സ്മൃതിയില്‍ മേപ്പയ്യൂര്‍ സലഫി ഐ.ടി.ഇയില്‍ 'സ്റ്റാറിനൈറ്റ്' അനുസ്മരണവും ചിത്രപ്രദര്‍ശനവും

> **Lead Summary:** **മേപ്പയ്യൂര്‍:** വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ ഗോഗിന്റെ ഓര്‍മ്മദിനത്തില്‍ മേപ്പയ്യൂര്‍ സലഫി ഐ.ടി.ഇയില്‍'സ്റ്റാറിനൈറ്റ്' എന്ന പേരില്‍ അനുസ്മരണ പരിപാടിയും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ ഗോഗിന്റെ ഓര്‍മ്മദിനത്തില്‍ മേപ്പയ്യൂര്‍ സലഫി ഐ.ടി.ഇയില്‍'സ്റ്റാറിനൈറ്റ്' എന്ന പേരില്‍ അനുസ്മരണ പരിപാടിയും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.

ചിത്രകലാ ചരിത്രത്തില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ വാന്‍ ഗോഗിന്റെ ജീവിതവും കലാദര്‍ശനവും അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളും പരിചയപ്പെടുത്തിക്കൊണ്ട് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാധ്യാപകനും ചിത്രകാരനുമായ ഷാജി കാവില്‍ വാന്‍ഗോഗിന്റെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

വര്‍ണ്ണങ്ങളുടെ തീവ്രമായ പ്രയോഗവും വികാരസാന്ദ്രമായ ബ്രഷ് സ്‌ട്രോക്കുകളും കൊണ്ട് ലോകകലയെ സമ്പന്നമാക്കിയ വാന്‍ ഗോഗിന്റെ കലാസൃഷ്ടികള്‍ ഇന്നും കലാസ്വാദകരെയും പുതലമുറ ചിത്രകാരന്മാരെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഷാജി കാവില്‍ അനുസ്മരിച്ചു. കഷ്ടപ്പാടുകള്‍ക്കിടയിലും സ്വന്തം ശൈലി കണ്ടെത്തി ലോകത്തിന് മാതൃകയായ കലാകാരനാണ് വാന്‍ഗോഗ് എന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പാള്‍ അജയ് ആവളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയുമായ അഷ്ബിന്‍ ഷാജി 'വാന്‍ ഗോഗ് - കലയും ജീവിതവും' എന്ന വിഷയം അവതരിപ്പിച്ചു. ചിത്രകാരനും അധ്യാപകനുമായ സുരേഷ് കുമാറും, മറ്റ്‌ അധ്യാപകരായ സീമ, ഹമീദ്, സാറ എന്നിവരും സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി 'നക്ഷത്രരാവ്' എന്ന പേരില്‍ ചിത്രപ്രദര്‍ശനവും നടന്നു. വാന്‍ ഗോഗിന്റെ പ്രശസ്ത ചിത്രങ്ങളുടെ പകര്‍പ്പുകളും അധ്യാപകരും വിദ്യാര്‍ത്ഥികളും വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. വാന്‍ ഗോഗിന്റെ കലാശൈലിയും വര്‍ണ്ണ പ്രയോഗവും യുവ ചിത്രകാരന്മാര്‍ക്ക് പഠിക്കാനുള്ള അവസരമായി പ്രദര്‍ശനം മാറി. നിരവധി കലാസ്വാദകര്‍ പ്രദര്‍ശനം കാണാനെത്തി. കലാധ്യാപകന്‍ കെ.സി. രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐശ്വര്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375466/starry-night-vincent-van-gogh-tribute-meppayur-salafi-iti)