---
title: "കള്ളപ്രചരണങ്ങള്‍ തള്ളിക്കളയുക: ലഹരി മാഫിയയെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം, ഡിവൈഎഫ്‌ഐ"
english_title: "DYFI Calls For United Fight Against Drug Mafia In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375535/dyfi-perambra-drug-mafia-brc-teachers-fake-campaign"
published_at: "2026-07-30T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b1768cb353_kio.JPG"
keywords: ["DYFI", "Perambra", "BRC", "Drug Mafia", "MDMA"]
---

# കള്ളപ്രചരണങ്ങള്‍ തള്ളിക്കളയുക: ലഹരി മാഫിയയെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം, ഡിവൈഎഫ്‌ഐ

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബിആര്‍സിയിലെ താല്‍ക്കാലിക അധ്യാപകരായ മൂന്നുപേര്‍ സിന്തറ്റിക് ലഹരി വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി രംഗത്ത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബിആര്‍സിയിലെ താല്‍ക്കാലിക അധ്യാപകരായ മൂന്നുപേര്‍ സിന്തറ്റിക് ലഹരി വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി രംഗത്ത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്.

എന്നാല്‍ അവര്‍ തന്നെ ഇത്തരം ലഹരി കേസുകളുടെ ഭാഗമാകുന്നത് അതീവ ആശങ്കാജനകമാണ്. സമൂഹത്തിന്റെ ഭാവി തലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയകളെ വേരോടെ പിഴുതെറിയാന്‍ നിയമസംവിധാനങ്ങളും പൊതുജനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, ഈ വിഷയത്തിന്റെ മറവില്‍ ബിആര്‍സിയില്‍ സേവനമനുഷ്ഠിക്കുന്ന മറ്റ് അധ്യാപകരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും നടക്കുന്ന ശ്രമങ്ങളെ പൊതുജനം തിരിച്ചറിയണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

നിരപരാധികളായ അധ്യാപകരെ കേസുമായി കൂട്ടിക്കലര്‍ത്തി നടത്തുന്ന കള്ളപ്രചരണങ്ങളെ പൊതുസമൂഹം തള്ളിക്കളയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.ലഹരി വിപണനത്തില്‍ ഏര്‍പ്പെട്ടവരെ സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. ലഹരിയുടെ സാന്നിധ്യത്തെ സമൂഹം ജാഗ്രതയോടെ കാണുകയും സംശയാസ്പദമായ കാര്യങ്ങള്‍ അധികൃതരെ അറിയിക്കുകയും ചെയ്യണമെന്നും ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375535/dyfi-perambra-drug-mafia-brc-teachers-fake-campaign)