---
title: "അധ്യാപികമാരുടെ ലഹരിക്കേസ്: കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ബിജെപി "
english_title: "BJP Demands Central Agency Probe into Perambra BRC Teachers Drug Case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375554/perambra-brc-teachers-drug-case-bjp-protest-central-probe"
published_at: "2026-07-30T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b26b156995_puls.JPG"
keywords: ["Perambra", "BRC", "Teachers Arrest", "MDMA", "Drug Case", "BJP Protest", "Central Agency"]
---

# അധ്യാപികമാരുടെ ലഹരിക്കേസ്: കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ബിജെപി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സിയിലെ മൂന്ന് അധ്യാപികമാര്‍ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ആര്‍.സി ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സിയിലെ മൂന്ന് അധ്യാപികമാര്‍ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ആര്‍.സി ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

ബി.ജെ.പി മേഖല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഭവത്തിന്റെ പിന്നില്‍ വലിയ സാമ്പത്തിക ഇടപാടുകളും വിദേശ ബന്ധങ്ങളും ഉണ്ടെന്നാണ് സംശയമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും, പോലീസ് അന്വേഷണത്തില്‍ തന്നെ വിദേശ ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    

രാജ്യാന്തര ബന്ധമുള്ള ഈ കേസിലെ മുഴുവന്‍ കുറ്റവാളികളെയും കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ ശക്തമായ അന്വേഷണം അനിവാര്യമാണ്. അതിനാല്‍ കേസ് എന്‍.ഐ.എ അല്ലെങ്കില്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബി.ആര്‍.സിയിലെ നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മോഹനന്‍ പറഞ്ഞു. അധികാരികളുടെ മൂക്കിനു താഴെ നടന്ന സംഭവം അറിയാതെ പോയെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തെ ബി.ആര്‍.സി നിയമനങ്ങളെ കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണം. ഇത്രയും ഗുരുതരമായ വിഷയത്തില്‍ സി.പി.എം മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം വ്യാപകമാണെന്നതിന്റെ തെളിവാണ് അടുത്തിടെ പേരാമ്പ്രയിലെ ഒരു ഹൈസ്‌കൂള്‍ അധ്യാപകനെ ഇതേ കേസില്‍ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആ സംഭവം അധികൃതരെ അറിയിക്കാതെ മൂടിവെച്ചത് അപലനീയമാണ്. 

ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ഡി.കെ. മനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.കെ. രജീഷ്, തറമല്‍ രാകേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം. ഹരിദാസ്, എ. ബാലചന്ദ്രന്‍, ബിനീഷ് എടവരാട്, സി.കെ. ലീല, ഇല്ലത്ത് മോഹനന്‍, പി.പി. പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു.

കെ.കെ. സജീവന്‍, സിനി ബിജു കൃഷ്ണന്‍, കോമത്ത് ശോഭ, എം. സായിദാസ്, പൊയില്‍ക്കണ്ടി ബാലകൃഷ്ണന്‍, പപ്പന്‍ ചകിട്ടപ്പാറ, പി.ബി. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375554/perambra-brc-teachers-drug-case-bjp-protest-central-probe)