---
title: "വീടിനോട് ചേര്‍ന്ന പാറ പൊട്ടിച്ചു; മേപ്പയ്യൂരില്‍ വീടിന് വിള്ളല്‍ സംഭവിച്ചു"
english_title: "House Damaged in Rock Blasting at Meppayur, Muslim League Demands Compensation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375697/meppayur-house-crack-rock-blasting-muslim-league-demand-compensation"
published_at: "2026-07-31T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3ed79f583_huyt.JPG"
keywords: ["Meppayur", "Rock Blasting", "House Damage", "Kerala", "Police Complaint", "Muslim League"]
---

# വീടിനോട് ചേര്‍ന്ന പാറ പൊട്ടിച്ചു; മേപ്പയ്യൂരില്‍ വീടിന് വിള്ളല്‍ സംഭവിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **വിളയാട്ടൂര്‍ കണ്ണമ്പത്ത് കണ്ടി രാജന്‍ - പുഷ്പ ദമ്പതികള്‍ താമസിക്കുന്ന വീടിനു സമീപമുള്ള പാറ സ്വകാര്യ വ്യക്തി സ്‌ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് വീടിന് വിള്ളലും മറ്റ് കേടുപാടുകളും സംഭവിച്ചു. പൊട്ടിച്ച പാറയും വീട് നില്‍ക്കുന്ന സ്ഥലവും ഒരേ പാറ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വീട്ടുടമസ്ഥര്‍ സ്ഥലത്തില്ലാത്ത സമയത്ത് ഉഗ്രസ്‌ഫോടനത്തോടെയാണ് പാറ പൊട്ടിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

## Article Content

**മേപ്പയ്യൂര്‍: **വിളയാട്ടൂര്‍ കണ്ണമ്പത്ത് കണ്ടി രാജന്‍ - പുഷ്പ ദമ്പതികള്‍ താമസിക്കുന്ന വീടിനു സമീപമുള്ള പാറ സ്വകാര്യ വ്യക്തി സ്‌ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് വീടിന് വിള്ളലും മറ്റ് കേടുപാടുകളും സംഭവിച്ചു. പൊട്ടിച്ച പാറയും വീട് നില്‍ക്കുന്ന സ്ഥലവും ഒരേ പാറ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വീട്ടുടമസ്ഥര്‍ സ്ഥലത്തില്ലാത്ത സമയത്ത് ഉഗ്രസ്‌ഫോടനത്തോടെയാണ് പാറ പൊട്ടിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരുകളിലും അടിത്തറയിലും വ്യാപകമായ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുടുംബം മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് വടകര റൂറല്‍ എസ്.പി, പേരാമ്പ്ര ഡിവൈഎസ്പി, റവന്യൂ അധികൃതര്‍, കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസര്‍, ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

വിള്ളല്‍ സംഭവിച്ച വീടും പരിസരവും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പാറ പൊട്ടിച്ചതിലൂടെ കുടുംബത്തിന് വലിയ നാശനഷ്ടം ഉണ്ടായ സാഹചര്യത്തില്‍ ഉടന്‍ നടപടി സ്വീകരിച്ച് വീട്ടുടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റുമാരായ കീഴ്‌പോട്ട് അഹമ്മദ്, ടി.എം. അബ്ദുള്ള, സെക്രട്ടറി മുജീബ് കോമത്ത് എന്നിവര്‍ക്കൊപ്പം പ്രദേശത്തെ നിരവധി പ്രവര്‍ത്തകരും സന്ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു. അനധികൃതമായി പാറ പൊട്ടിക്കുന്നത് പരിസ്ഥിതിക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും ഭീഷണിയാണെന്നും കര്‍ശന നടപടി വേണമെന്നും നേതാക്കള്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375697/meppayur-house-crack-rock-blasting-muslim-league-demand-compensation)