---
title: "വേതനം തടഞ്ഞു: പേരാമ്പ്ര പഞ്ചായത്തിലേക്ക് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ  മാർച്ചും ധർണയും"
english_title: "NREG Workers Union Holds March and Dharna at Perambra Panchayat Over Wage Delay"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375768/nreg-workers-union-march-dharna-perambra-panchayat"
published_at: "2026-07-31T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c789299fcb_lalalalal.JPG"
keywords: []
---

# വേതനം തടഞ്ഞു: പേരാമ്പ്ര പഞ്ചായത്തിലേക്ക് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ  മാർച്ചും ധർണയും

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മേറ്റുമാരുടെ കുടിശ്ശിക വേതനം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ചും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മേറ്റുമാരുടെ കുടിശ്ശിക വേതനം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ചും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. 

നൂറുകണക്കിന് മേറ്റുമാരും തൊഴിലാളികളും അണിനിരന്ന പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. 

സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേറ്റുമാരുടെ വേതനം മാസങ്ങളായി മുടങ്ങിയത് തൊഴിലാളികളെ സാമ്പത്തികമായി വലയ്ക്കുന്നുവെന്നും, ഇത് ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യൂണിയന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. സിസിലി അധ്യക്ഷത വഹിച്ചു. മേറ്റുമാരുടെ കുടിശ്ശിക വേതനം അടിയന്തരമായി വിതരണം ചെയ്യുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, പദ്ധതിയുമായി ബന്ധപ്പെട്ട അനാസ്ഥകള്‍ക്ക് പരിഹാരം കാണുക, തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ധര്‍ണയില്‍ ഉന്നയിച്ചത്. 

ധര്‍ണയില്‍ യൂണിയന്‍ ഏരിയ സെക്രട്ടറി ടി.പി. കുഞ്ഞനന്തന്‍, ഉണ്ണി വേങ്ങേരി തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി ലഭിക്കാത്തതും വേതനം വൈകുന്നതും കാരണം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു. കെ. നഫീസ സ്വാഗതവും കെ.കെ. സുരേഷ് നന്ദിയും പറഞ്ഞു. 

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375768/nreg-workers-union-march-dharna-perambra-panchayat)