---
title: "നാല് വയസ്സുകാരന്‍ ഇലാന്റെ ക്രയോണ്‍സ് റീല്‍സിന് ഒന്നാം സ്ഥാനം"
english_title: "Perambra Father-Son Duo Wins First Prize in Kerala Police Anti-Drug Reels Contest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376028/perambra-naushad-ilan-crayons-reel-first-prize-kerala-police-thoofan"
published_at: "2026-08-01T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddf83a4226_huyi.JPG"
keywords: ["CRAYONS", "Naushad", "Ilan", "Perambra", "Kerala Police", "Thoofan", "Anti Drug Campaign"]
---

# നാല് വയസ്സുകാരന്‍ ഇലാന്റെ ക്രയോണ്‍സ് റീല്‍സിന് ഒന്നാം സ്ഥാനം

> **Lead Summary:** പേരാമ്പ്ര: കേരളത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും ലഹരിമുക്തവുമായ ബാല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര കുട്ടോത്ത് സ്വദേശിയായ നൗഷാദും നാല് വയസ്സുകാരനായ മകന്‍ ഇലാനും ചേര്‍ന്ന് ഒരുക്കിയ ക്രയോണ്‍സ് റീല്‍സിന് അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള പൊലീസിന്റെ 'തൂഫാന്‍' പരിപാടിയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച റീല്‍സ് മത്സരത്തിലാണ് ക്രയോണ്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

## Article Content

പേരാമ്പ്ര: കേരളത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും ലഹരിമുക്തവുമായ ബാല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര കുട്ടോത്ത് സ്വദേശിയായ നൗഷാദും നാല് വയസ്സുകാരനായ മകന്‍ ഇലാനും ചേര്‍ന്ന് ഒരുക്കിയ ക്രയോണ്‍സ് റീല്‍സിന് അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള പൊലീസിന്റെ 'തൂഫാന്‍' പരിപാടിയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച റീല്‍സ് മത്സരത്തിലാണ് ക്രയോണ്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ബബീഷ് സര്‍ഗം സംവിധാനം നിര്‍വഹിച്ച റീല്‍സില്‍ നാല് വയസ്സുകാരനായ ഇലാന്റെ അതുല്യമായ പ്രകടനമാണ് പ്രധാന ആകര്‍ഷണം. തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ ഇലാന്‍ ഏവരുടെയും മനസ്സ് കീഴടക്കി. ലഹരിയുടെ ദൂഷ്യഫലങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ ലളിതമായി അവതരിപ്പിക്കുകയായിരുന്നു ക്രയോണ്‍സിന്റെ ലക്ഷ്യം.

നൗഷാദ് മുന്നോട്ടുവച്ച ആശയത്തെ നന്ദു ടി.കെയും ഹര്‍ഷ് ടി.വിയും ചേര്‍ന്ന് മനോഹരമായി ദൃശ്യവല്‍ക്കരിച്ചു. ശക്തമായ സന്ദേശവും മികവുറ്റ അവതരണവും കൊണ്ടാണ് ഈ റീല്‍സ് ജൂറിയുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പിതാവും മകനും ഒരുമിച്ച് ഒരുക്കിയ ഈ സൃഷ്ടി സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കുട്ടികള്‍ക്ക് നല്ലൊരു നാളെയെ കുറിച്ചുള്ള സ്വപ്നമാണ് ഈ റീലിലൂടെ പങ്കുവെച്ചതെന്ന് നൗഷാദ് പറഞ്ഞു.

ലഹരിക്കെതിരെ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് നില്‍ക്കണമെന്ന ശക്തമായ സന്ദേശമാണ് ക്രയോണ്‍സ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ തൂഫാന്‍ കാമ്പയിനിലെ ഒന്നാം സ്ഥാനം ഈ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് സ്രഷ്ടാക്കള്‍ പ്രതീക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376028/perambra-naushad-ilan-crayons-reel-first-prize-kerala-police-thoofan)