---
title: " പേരാമ്പ്രയില്‍ സി പി ഐ എം നടത്തുന്ന സമരങ്ങള്‍ ബി ആര്‍ സി അധ്യാപികമാരുടെ എം ഡി എം എ ഇടപാട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: യുഡിഎഫ്"
english_title: "UDF Alleges CPM Protests in Perambra to Divert Attention from MDM Irregularities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376236/udf-alleges-cpm-protests-in-perambra-to-divert-attention-from-mdm-irregularities"
published_at: "2026-08-02T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f54f7464f3_gtyk.jpg"
keywords: ["Perambra", "UDF", "CPM", "MDM", "BRC Teachers", "Protest"]
---

#  പേരാമ്പ്രയില്‍ സി പി ഐ എം നടത്തുന്ന സമരങ്ങള്‍ ബി ആര്‍ സി അധ്യാപികമാരുടെ എം ഡി എം എ ഇടപാട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: യുഡിഎഫ്

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നിലവില്‍ ഉയരുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വസ്തുതകള്‍ മനസിലാക്കാതെ, തൊഴിലുറപ്പ് തൊഴിലാളികളെയും മേറ്റുമാരെയും തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് നേരെ അനാവശ്യമായി പ്രതിഷേധവുമായി രംഗത്തുവരികയാണ്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നിലവില്‍ ഉയരുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വസ്തുതകള്‍ മനസിലാക്കാതെ, തൊഴിലുറപ്പ് തൊഴിലാളികളെയും മേറ്റുമാരെയും തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് നേരെ അനാവശ്യമായി പ്രതിഷേധവുമായി രംഗത്തുവരികയാണ്.

ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ 2005 സെപ്റ്റംബര്‍ 5-ന് കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2026 ജൂണ്‍ 30-ാം തിയ്യതിയോടെ റദ്ദ് ചെയ്തിട്ടുണ്ട്. 2026 ജൂലൈ 1 മുതല്‍ 'വി. ബി.ജി. റാംജി' എന്ന പുതിയ തൊഴിലുറപ്പ് നിയമമാണ് രാജ്യത്ത് നിലവിലുള്ളത്.

പുതിയ നിയമപ്രകാരമുള്ള പ്രവൃത്തികള്‍ക്ക് ജൂലൈ 21 മുതലാണ് ജില്ലാ കമ്മിറ്റി അനുമതി നല്‍കിത്തുടങ്ങിയത്. അതുപ്രകാരം പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 96 പ്രവൃത്തികള്‍ക്ക് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞു. മറ്റ് പഞ്ചായത്തുകളില്‍ നടക്കുന്ന പ്രവൃത്തികള്‍, മഹാത്മാഗാന്ധി . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടിംങ് വിതരണം എങ്ങനെയെന്ന് ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായവര്‍ക്ക് അറിയാതെ പോയത്.

തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ വര്‍ക്കിന്റെ 25% ഒഴികെ ബാക്കി മുഴുവന്‍ ഫണ്ടും അനുവദിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റാണ്. എന്നാല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ 17,144.13 കോടി രൂപ കേന്ദ്ര കുടിശ്ശികയുണ്ട്. ഇതില്‍ 7,846.25 കോടി രൂപ തൊഴിലാളികളുടെ കൂലിയിനത്തില്‍ മാത്രം ലഭിക്കേണ്ടതാണ്. ഇതിന്റെ ഭാഗമായി 84 ലക്ഷം രൂപ പേരാമ്പ്ര ഗ്രാമപഞ്ചായത്തിനും കിട്ടാനുണ്ട്.

മേറ്റുമാരുടെ വേതനം ലഭിക്കാന്‍ വേണ്ടി പേരാമ്പ്ര പഞ്ചായത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ മാസങ്ങളായി മേറ്റുമാര്‍ക്ക് വേതനം ലഭിക്കാത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിനാണ്. അല്ലാതെ പഞ്ചായത്ത് ഭരണസമിതിക്കല്ല.

കൂടാതെ, താല്‍ക്കാലിക ജീവനക്കാരുടെ നിയമന കരാര്‍ അവസാനിക്കുമ്പോള്‍ കരാര്‍ പുതുക്കാനും അല്ലെങ്കില്‍ സുതാര്യമായി ഇന്റര്‍വ്യൂ നടത്തി പുതിയ ആളെ നിയമിക്കാനും പഞ്ചായത്ത് ഭരണസമിതിക്ക് പൂര്‍ണ്ണ അധികാരമുണ്ട്. കഴിഞ്ഞകാലങ്ങളില്‍ ഇന്റര്‍വ്യൂ നടത്താതെയും എഗ്രിമെന്റ് വെക്കാതെയും രാഷ്ട്രീയലാഭം മാത്രം നോക്കി നടത്തിയ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കി, കൃത്യമായ ഇന്റര്‍വ്യൂ നടപടികള്‍ പൂര്‍ത്തിയാക്കി പുതിയവരെ നിയമിക്കാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുള്ളത്. അനാവശ്യമായി എത്ര പ്രക്ഷോഭങ്ങള്‍ നടത്തിയാലും നടപടിക്രമങ്ങള്‍ പാലിച്ചു നിയമനങ്ങള്‍ നടത്തുക തന്നെ ചെയ്യും.

പേരാമ്പ്ര ബി ആര്‍ സിയിലെ അദ്ധ്യാപികമാരെ ലഹരിക്കേസ്സില്‍ പിടിക്കപ്പെട്ടിട്ടും ഈ കാര്യത്തില്‍ എന്തുകൊണ്ടാണ് സി. പി. എം ഒരു സമരത്തിനും മുതിരാതെ മൗനം പാലിക്കുന്നത്. പിടിക്കപ്പെട്ട അദ്ധ്യാപികമാര്‍ സിപിഎം യൂനിയന്‍ നേതാക്കന്മാരാണ്.മുന്‍ എംഎല്‍എയുടെയും സി പി എമ്മിന്റെയും അറിവോടെ നടത്തിയ രാഷ്ട്രീയ നിയമനമാണ് ഇവരുടെത്. നിലവിലെബ്ലോക്ക് ജില്ലാ കോ. ഓര്‍ഡിനേറ്റര്‍മാരും സി പി എം നേതാക്കന്മാരാണ്. ഈലഹരിക്കടത്തില്‍ അവരുടെ പങ്കും അന്വേഷിക്കണം.

മറ്റൊരു ആരോപണം പേരാമ്പ്ര ടൗണില്‍ വെള്ളം കയറിയത് ഭരണ സമിതിയുടെ അലംഭാവമാണെന്നാണ് പറയുന്നത്.നാലര കോടി രൂപ മുടക്കി ടൗണിന്റെ സൗന്ദര്യ വല്‍ക്കരണം നടത്തിയ വരാണ് ഇതിന് മറുപടി പറയേണ്ടത്. ഓവുചാലുകള്‍ കോണ്‍ക്രീറ്റു സ്ലാബുകള്‍ കൊണ്ടു മൂടി കട്ടപതിപ്പിക്കുമ്പോള്‍ ഓവുചാല്‍ ക്ലീന്‍ ചെയ്യേണ്ടതിനെപ്പറ്റി ചിന്തിച്ചില്ലെന്ന് മാത്രമല്ല മണ്ണ് മാഫിയയുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ അഴിമതി നടത്തി വയലുകള്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതിന്റെ ദുരന്തഫലങ്ങളാണ് പേരാമ്പ്ര ഇന്ന് അനുഭവിക്കുന്നത്.

മറ്റൊന്ന് പദ്ധതി വിഹിതം വെട്ടിക്കുറച്ചു എന്നു പറഞ്ഞാണ് പഞ്ചായത്തിലേക്ക് സമരം നടത്തുന്നത്.പിണറായി സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്കു നല്‍കേണ്ട മൂന്നാം ഗഡു നല്‍കാതെ പുതുതായി അധികാരമേറ്റെടുത്ത തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയായിരുന്നു ഇക്കാലമത്രയും. അവരാണ് പദ്ധതി വിഹിതത്തിന്റെ പേരു പറഞ്ഞു സമരത്തിന് വരുന്നത്.

അതുപോലെ തന്നെ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം യാതൊരുവിധ എഗ്രിമെന്റോ കരാറോ ഇല്ലാതെ, പഞ്ചായത്തിന്റെ വൈദ്യുതിയും വെള്ളവും സൗജന്യമായി ഉപയോഗിച്ച് ,വാടക പോലും നല്‍കാതെ സ്വന്തക്കാര്‍ക്കു നല്‍കിയ കാന്റീന്‍ അടച്ചുപൂട്ടുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിന് കൃത്യമായ വാടക വരുമാനം ലഭിക്കുന്ന രീതിയില്‍ നിയമപരമായി ലേലം ചെയ്ത് നല്‍കാനാണ് നിലവിലെ തീരുമാനം. യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരിക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും സി പി എം നേതൃത്വം ഇനിയെങ്കിലും പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി ,പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ കെ.പി റസാഖ്, കണ്‍വീനര്‍ കെ.സി രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.പി യൂസഫ്, ഇ.ഷാഹി, പി.എസ് സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376236/udf-alleges-cpm-protests-in-perambra-to-divert-attention-from-mdm-irregularities)