---
title: " റോഡില്‍ വന്‍ ഗര്‍ത്തം: വാഹനങ്ങള്‍ക്ക് അപകട ഭീഷണി"
english_title: "Huge Pothole on Paleri - Ottakkandam Road Poses Danger to Vehicles"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376314/paleri-ottakkandam-road-huge-pothole-traffic-danger"
published_at: "2026-08-03T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7047f93bf02_rod.JPG"
keywords: ["Paleri", "Ottakkandam"]
---

#  റോഡില്‍ വന്‍ ഗര്‍ത്തം: വാഹനങ്ങള്‍ക്ക് അപകട ഭീഷണി

> **Lead Summary:** **പാലേരി: **പാലേരി - തരിപ്പിലോട് - ഒറ്റക്കണ്ടം റോഡിലെ വാകാനി മുക്കില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡില്‍ ആഴത്തിലുള്ള ഗര്‍ത്തം ഉണ്ടായത്. മലയോര മേഖലകളായ ഒറ്റക്കണ്ടം, ചവറം മൂഴി, മുള്ളന്‍കുന്ന്, ചെമ്പനോട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്.

## Article Content

**പാലേരി: **പാലേരി - തരിപ്പിലോട് - ഒറ്റക്കണ്ടം റോഡിലെ വാകാനി മുക്കില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡില്‍ ആഴത്തിലുള്ള ഗര്‍ത്തം ഉണ്ടായത്. മലയോര മേഖലകളായ ഒറ്റക്കണ്ടം, ചവറം മൂഴി, മുള്ളന്‍കുന്ന്, ചെമ്പനോട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്.

പാലേരിയില്‍ നിന്നും കടിയങ്ങാട് പാലത്തില്‍ നിന്നും വരുന്ന റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്താണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. പാലേരി റോഡ് കൂടാതെ കടിയങ്ങാട് - പാലം - കുളക്കണ്ടം റോഡ്, വടക്കുമ്പാട് - കന്നാട്ടി റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങളും ഈ വഴിയാണ് കടന്നുപോകുന്നത്.

നിരവധി സ്‌കൂള്‍ ബസുകളും ദിവസവും കടന്നുപോകുന്ന റോഡാണിത്. രാത്രികാലങ്ങളില്‍ ഗര്‍ത്തം കാണാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതിനോടൊപ്പം റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടി ടാര്‍ ചെയ്ത ഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ഈ ഭാഗത്ത് ടാറിംഗ് പ്രവൃത്തി നടന്നത്. ഗര്‍ത്തം ഉടന്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം സി.കെ. പുഷ്പ ആവശ്യപ്പെട്ടു. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376314/paleri-ottakkandam-road-huge-pothole-traffic-danger)