---
title: "വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി; ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി"
english_title: "Rain Subsides in Changaroth, Flood Victims Return Home from Relief Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376438/changaroth-flood-water-recedes-relief-camp-people-return"
published_at: "2026-08-03T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70bc656693f_mhi.jpg"
keywords: ["Changaroth", "Relief Camp"]
---

# വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി; ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി

> **Lead Summary:** **ചങ്ങരോത്ത്: **കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്ക് ശമനമായതോടെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങി. വെള്ളം കയറിയ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തുടങ്ങി.

## Article Content

**ചങ്ങരോത്ത്: **കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്ക് ശമനമായതോടെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങി. വെള്ളം കയറിയ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തുടങ്ങി.

ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട്, മഹിമ, സൂപ്പിക്കട, കുളക്കണ്ടം, കന്നാട്ടി, ഒറ്റക്കണ്ടം എന്നീ പ്രദേശങ്ങളിലായി നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. മിക്ക കുടുംബങ്ങളും സുരക്ഷിതമായി ബന്ധുവീടുകളിലേക്കും അയല്‍വീടുകളിലേക്കും മാറിത്താമസിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതിനായി ഗ്രാമപഞ്ചായത്ത് കടിയങ്ങാട് എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. വീടുകളില്‍ വെള്ളം കയറിയ 14 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

ആരോഗ്യപ്രവര്‍ത്തകര്‍, ഇ.ആര്‍.ടി അംഗങ്ങള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍, വൈസ് പ്രസിഡണ്ട് എസ്. സുനന്ദ്, ചങ്ങരോത്ത് വില്ലേജ് ഓഫീസര്‍ പ്രജില എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എരവത്ത് മുനീര്‍, കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. നഷ്ടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കാനും അടിയന്തര സഹായം ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376438/changaroth-flood-water-recedes-relief-camp-people-return)