---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് അഭിമാന നേട്ടം: PMAY കേന്ദ്രവിഹിതം 159 കുടുംബങ്ങൾക്ക് അതിവേഗം വിതരണം ചെയ്തു"
english_title: "Perambra Block Panchayat Distributes PMAY Central Fund to 159 Families Quickly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376559/perambra-block-panchayat-pmay-fund-distribution-159-families"
published_at: "2026-08-04T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a1d79ab5b_lalalalal.JPG"
keywords: ["Perambra", "Block Panchayat", "PMAY", "Housing Scheme"]
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് അഭിമാന നേട്ടം: PMAY കേന്ദ്രവിഹിതം 159 കുടുംബങ്ങൾക്ക് അതിവേഗം വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭ്യമായ ഉടന്‍ തന്നെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭവന പദ്ധതി നടത്തിപ്പില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. 

## Article Content

**പേരാമ്പ്ര: **കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭ്യമായ ഉടന്‍ തന്നെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭവന പദ്ധതി നടത്തിപ്പില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. 

ബ്ലോക്ക് പഞ്ചായത്തിന്റെ ഭവന പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച കേന്ദ്രവിഹിതം ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തു. ജനറല്‍ വിഭാഗത്തില്‍ 1,16,16,000 രൂപയും, എസ്.സി വിഭാഗത്തില്‍ 4,32,000 രൂപയും, എസ്.ടി വിഭാഗത്തില്‍ 2,88,000 രൂപയും ആണ് ലഭിച്ചത്. 

ഇതില്‍ കേന്ദ്ര വിഹിതം നല്‍കേണ്ട 159 കുടുംബങ്ങള്‍ക്ക് ആകെ 53,00,000 രൂപ വളരെ വേഗത്തില്‍ തന്നെ വിതരണം ചെയ്യാന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് എത്തിക്കുന്നതിലെ ഈ വേഗത സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. 

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോയിന്റ് ബീഡിഒ ശ്രീജിത്ത്, കൂടെ നിന്ന് പ്രവര്‍ത്തിച്ച വിഇഒ ഉമ്മര്‍, ക്ലറിക്കല്‍ ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഇജിഎ ഉദ്യോഗസ്ഥര്‍, ബിഡിഒ സുജീന്ദ്രന്‍ എന്നിവരെയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. 

ഏറ്റവും സാധാരണക്കാരായ 159 കുടുംബങ്ങള്‍ക്ക് സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കുള്ള താത്കാലിക ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഭവനരഹിതര്‍ക്ക് കൂര ഒരുക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പും സുതാര്യതയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ മികവിന്റെ തെളിവാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376559/perambra-block-panchayat-pmay-fund-distribution-159-families)