---
title: "നടപ്പാതകളുടെ പ്രവേശന ഭാഗങ്ങള്‍ തടസപ്പെടുത്തി ഇരുചക്ര വാഹന പാര്‍ക്കിംഗ് ചെയ്യുന്നതായി ആക്ഷേപം "
english_title: "Allegation of two-wheeler parking obstructing the entrance sections of sidewalks"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37676/allegation-of-two-wheeler-parking-obstructing-the-entrance-sections-of-sidewalks"
published_at: "2022-04-15T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62590203e1618_BIKE1.JPG"
keywords: []
---

# നടപ്പാതകളുടെ പ്രവേശന ഭാഗങ്ങള്‍ തടസപ്പെടുത്തി ഇരുചക്ര വാഹന പാര്‍ക്കിംഗ് ചെയ്യുന്നതായി ആക്ഷേപം 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ടൗണില്‍ നടപ്പാതകളുടെ പ്രവേശന ഭാഗങ്ങള്‍ തടസപ്പെടുത്തി ഇരുചക്ര വാഹന പാര്‍ക്കിംഗ് ചെയ്യുന്നത് കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ആക്ഷേപം.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ടൗണില്‍ നടപ്പാതകളുടെ പ്രവേശന ഭാഗങ്ങള്‍ തടസപ്പെടുത്തി ഇരുചക്ര വാഹന പാര്‍ക്കിംഗ് ചെയ്യുന്നത് കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ആക്ഷേപം.

മാര്‍ക്കറ്റ് ഭാഗം മുതല്‍ ചേനോളി റോഡ് വരെ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരുഭാഗത്തുമായി നൂറ് കണക്കിന് ഇരുചക വാഹനങ്ങളാണ് തലങ്ങും വിലങ്ങും അലക്ഷ്യമായും പാര്‍ക്ക് ചെയ്യുന്നത്.

സീബ്ര ക്രോസിന് ഇരുവശത്തുമായി നടപ്പാതയിലേക്കുള്ള പ്രവേശന ഭാഗത്ത് പോലും വഴി തടസപ്പെടുത്തി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് പതിവായിട്ടുണ്ട്.

പേരാമ്പ്ര ട്രാഫിക് സ്റ്റേഷന്റെ പരിസരത്ത് പോലും ഇത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. ഇതു കാരണം നടപ്പാതയിലേക്ക് കയറാനാകാതെ കാല്‍നടയാത്രക്കാര്‍ റോഡുകള്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

മാര്‍ക്കറ്റിനടുത്തായുള്ള ബസ്സ് സ്റ്റോപ്പില്‍ നിരനിരയായി ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവായിട്ടുണ്ട്. കുറ്റ്യാടി, തൊട്ടില്‍പാലം, പെരുവണ്ണാമൂഴി, നാദാപുരം, വയനാട് ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും ഇവിടെ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടത്.

ബസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം റോഡിന്റെ മധ്യ ഭാഗത്ത് ബസ്സുകള്‍ നിര്‍ത്തേണ്ട അവസ്ഥയാണ്.

പലപ്പോഴും ഗതാഗത തടസത്തിനും ഇത് കാരണമാകുന്നതായും ആംബുലന്‍സ് പോലെയുള്ള എമര്‍ജന്‍സി വാഹനങ്ങളും ഇവിടെ കുടുങ്ങുന്നത് നിത്യസംഭവമാണെന്നും പരിസരത്തുള്ള കച്ചവടക്കാര്‍ പറയുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചതോടെ പട്ടണത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. അതിനിടയിലാണ് യാത്രാ തടസം സൃഷ്ടിച്ചുകൊണ്ടുള്ള ഇരുചക്രവാഹന പാര്‍ക്കിംഗ്.

ഇത്തരം സാഹചര്യങ്ങള്‍ ഗതാഗത കുരുക്കിന് ആക്കം കൂട്ടുകയാണ്. നേരത്തെ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ച് നടപടിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അധികൃതര്‍ ഗൗനിക്കാതെ വന്നപ്പോഴാണ് വീണ്ടും പഴയ പടിയായത്. നടപ്പാതയിലേക്കുള്ള വഴി തടസപ്പെടുത്തി വാഹനം പാര്‍ക്കു ചെയ്യുന്നവര്‍ക്കെതിരെയെങ്കിലും നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37676/allegation-of-two-wheeler-parking-obstructing-the-entrance-sections-of-sidewalks)