---
title: "ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു: കടിയങ്ങാട് എല്‍പി സ്‌കൂള്‍ ശുചീകരിച്ചു"
english_title: "Changaroth Relief Camp Closed, LP School Cleaned After Flood"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376868/changaroth-relief-camp-closed-kadiyangad-lp-school-cleaned"
published_at: "2026-08-05T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73257f74b33_gyui.JPG"
keywords: ["Changaroth", "Relief Camp", "School Cleaning", "Kadiyangad LP School"]
---

# ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു: കടിയങ്ങാട് എല്‍പി സ്‌കൂള്‍ ശുചീകരിച്ചു

> **Lead Summary:** ചങ്ങരോത്ത്: ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ വീടുകള്‍ വിട്ട് മാറി താമസിച്ചവര്‍ക്കായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചു. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങിയത്.

## Article Content

ചങ്ങരോത്ത്: ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ വീടുകള്‍ വിട്ട് മാറി താമസിച്ചവര്‍ക്കായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചു. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങിയത്.

മൂന്ന് ദിവസങ്ങളിലായി പ്രവര്‍ത്തിച്ച ക്യാമ്പില്‍ രണ്ട് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ 14 പേരാണ് ഉണ്ടായിരുന്നത്. ക്യാമ്പ് കാലത്ത് ആവശ്യമായ ഭക്ഷണവും മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു. ക്യാമ്പ് അവസാനിച്ചതിന് പിന്നാലെ സ്‌കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

വനിതാ ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് ഷീ ഗാര്‍ഡ് വളണ്ടിയര്‍മാര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. സുനന്ദ്, സ്‌കൂള്‍ പ്രധാനധ്യാപിക വി.പി. സുമ, സി. വിജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഷീ ഗാര്‍ഡ് വളണ്ടിയര്‍മാരായ ഷബ്‌ന മൂശാരി കണ്ടി, ജാസിനി ജലീല്‍, ഷഫീന ഹാരിസ്, ആഷിഫ കരിമ്പന്‍ കണ്ടി എന്നിവരും ശുചീകരണത്തില്‍ പങ്കെടുത്തു. ക്ലാസ് മുറികളും പരിസരവും അണുവിമുക്തമാക്കിയ ശേഷമാണ് സ്‌കൂള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തനത്തിലേക്ക് കടന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376868/changaroth-relief-camp-closed-kadiyangad-lp-school-cleaned)