---
title: "കോണ്‍ഗ്രസ് നേതാവ് രാജന്‍ മരുതേരിക്കെതിരായ അധിക്ഷേപത്തില്‍ യു.ഡി.എഫ് പ്രതിഷേധ യോഗം"
english_title: "UDF Protests Against Abusive Remarks Made Against Congress Leader Rajan Marutheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376964/udf-protest-abusive-remarks-rajan-marutheri-perambra"
published_at: "2026-08-06T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74247ede508_puls.JPG"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് രാജന്‍ മരുതേരിക്കെതിരായ അധിക്ഷേപത്തില്‍ യു.ഡി.എഫ് പ്രതിഷേധ യോഗം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിയുമായ രാജന്‍ മരുതേരിക്കെതിരെ സി.പി.എം പ്രവര്‍ത്തകന്‍ മുതുകാട് സുനി നടത്തിയ വ്യക്തിപരമായ അധിക്ഷേപ പ്രസംഗത്തില്‍ യു.ഡി.എഫ് പതിനൊന്നാം വാര്‍ഡ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിയുമായ രാജന്‍ മരുതേരിക്കെതിരെ സി.പി.എം പ്രവര്‍ത്തകന്‍ മുതുകാട് സുനി നടത്തിയ വ്യക്തിപരമായ അധിക്ഷേപ പ്രസംഗത്തില്‍ യു.ഡി.എഫ് പതിനൊന്നാം വാര്‍ഡ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സുനി രാജന്‍ മരുതേരിക്കെതിരെ അപമര്യാദയായ പരാമര്‍ശങ്ങള്‍ നടത്തിയത്. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചും വ്യക്തിഹത്യ ലക്ഷ്യമിട്ടും നടത്തിയ ഇത്തരം പ്രസ്താവനകള്‍ കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് മാന്യമായ രീതിയില്‍ ചര്‍ച്ച ചെയ്യണമെന്നും, വ്യക്തിപരമായ ആക്രമണങ്ങളും അധിക്ഷേപങ്ങളും ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ ഇത്തരം രീതികള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ധന്യ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് നേതാക്കളായ കെ.സജീഷ്, ബൈജു ആയടത്തില്‍, എം. മുഹമ്മദ്, എം.പി. ഇബിച്ചി അലി, കെ. മഞ്ജുള, ഗോപാലന്‍ കല്ലുംപുറം, അബ്ദുള്‍ സത്താര്‍, മുഹമ്മദ്, എം.കെ. മുനീര്‍, ബാലന്‍ കുറ്റിക്കണ്ടി, എല്‍.പി.അബ്ദുള്‍ കരീം, ജിമ്മി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് പോലും അധിക്ഷേപത്തിന്റെ മറുപടി നല്‍കുന്ന സമീപനം അപലപനീയമാണെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376964/udf-protest-abusive-remarks-rajan-marutheri-perambra)