---
title: "കുറ്റ്യാടി ചുരത്തില്‍ വീണ്ടും കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് എഞ്ചിന്‍ തകരാറിലായി കുടുങ്ങി. "
english_title: "KSRTC Priyadarshini Bus Breaks Down Again On Kuttiyadi Ghat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377296/kuttiyadi-ghat-ksrtc-priyadarshini-bus-breakdown-engine-failure"
published_at: "2026-08-07T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c397b5db9_pri.JPG"
keywords: ["Kuttiyadi Ghat", "KSRTC", "Priyadarshini Bus", "Engine Failure", "Mananthavady"]
---

# കുറ്റ്യാടി ചുരത്തില്‍ വീണ്ടും കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് എഞ്ചിന്‍ തകരാറിലായി കുടുങ്ങി. 

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് വീണ്ടും എഞ്ചിന്‍ തകരാറിലായി വഴിയില്‍ കുടുങ്ങി. ചുരത്തിലെ പൂതംപാറയിലുള്ള വലിയ വളവിലാണ് ഇന്ന് രാവിലെ 11.30 ഓടെ സംഭവം. കുറ്റ്യാടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മാനന്തവാടി ഡിപ്പോയുടെ പ്രിയദര്‍ശിനി ബസ്സാണ് തകരാറിലായത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് വീണ്ടും എഞ്ചിന്‍ തകരാറിലായി വഴിയില്‍ കുടുങ്ങി. ചുരത്തിലെ പൂതംപാറയിലുള്ള വലിയ വളവിലാണ് ഇന്ന് രാവിലെ 11.30 ഓടെ സംഭവം. കുറ്റ്യാടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മാനന്തവാടി ഡിപ്പോയുടെ പ്രിയദര്‍ശിനി ബസ്സാണ് തകരാറിലായത്.

ചുരത്തിലെ തിരക്കേറിയ വളവില്‍ ബസ് പെട്ടെന്ന് നിലച്ചതോടെ യാത്രക്കാര്‍ക്കിടയില്‍ ആശങ്ക പരന്നു. പിന്നാലെ വന്ന വാഹനങ്ങളും കുറച്ചുനേരം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരും നാട്ടുകാരും ഉടന്‍ ഇടപെട്ടു. 15 മിനിറ്റിനുള്ളില്‍ ഇതുവഴി വന്ന തൊട്ടില്‍പ്പാലം ഡിപ്പോയുടെ ബസില്‍ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി കയറ്റി വിട്ടു. തുടര്‍ന്ന് തകരാറിലായ ബസ് റോഡിന്റെ ഓരത്ത് മാറ്റി.

കഴിഞ്ഞ മാസം 22-നും ഇതേ റൂട്ടില്‍ പ്രിയദര്‍ശിനി ബസ് അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് എട്ടാം വളവില്‍ വെച്ച് ബസിന്റെ ബ്രേക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. അമിത യാത്രക്കാരുമായി ചുരം കയറിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ ജോയിന്റും എയര്‍ പൈപ്പും പൊട്ടിയാണ് അപകടമുണ്ടായത്. ബസ് പിന്നോട്ട് ഉരുണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

ആ സമയം ഡ്രൈവര്‍ പേരാമ്പ്ര സ്വദേശി എന്‍.പി. സുധീറിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ബസിന്റെ പിന്‍ഭാഗം മലയോര ഭിത്തിയില്‍ ഇടിച്ച് നിര്‍ത്തിയതോടെ 160-ലധികം യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടു.

ആ അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി അധികൃതരുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചുരത്തില്‍ വീണ്ടും പ്രിയദര്‍ശിനി ബസ് തകരാറിലായിരിക്കുന്നത്. പതിവായുള്ള തകരാറുകള്‍ ചുരം യാത്രക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബസുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377296/kuttiyadi-ghat-ksrtc-priyadarshini-bus-breakdown-engine-failure)