---
title: "അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്"
english_title: "Minister P C Vishnunadh To Develop Akalappuzha As Major Tourism Destination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377423/akalappuzha-tourism-destination-minister-pc-vishnunadh-visit"
published_at: "2026-08-08T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76d508418fd_klp.JPG"
keywords: ["Akalappuzha", "Tourism", "PC Vishnunadh", "Koyilandy"]
---

# അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

> **Lead Summary:** **തുറയൂര്‍:** മലബാറിലെ മികച്ച ടൂറിസം കേന്ദ്രമായി ഉയര്‍ന്നുവരുന്ന അകലാപ്പുഴയെ സംസ്ഥാനത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. അകലാപ്പുഴയുടെ വികസന സാധ്യതകള്‍ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി തുറയൂരിലെ അകലാപ്പുഴ സന്ദര്‍ശിച്ചു.

## Article Content

**തുറയൂര്‍:** മലബാറിലെ മികച്ച ടൂറിസം കേന്ദ്രമായി ഉയര്‍ന്നുവരുന്ന അകലാപ്പുഴയെ സംസ്ഥാനത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. അകലാപ്പുഴയുടെ വികസന സാധ്യതകള്‍ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി തുറയൂരിലെ അകലാപ്പുഴ സന്ദര്‍ശിച്ചു.

പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അകലാപ്പുഴ കോരപ്പുഴയുടെ ഒരു പ്രധാന ശാഖയാണ്. ആലപ്പുഴയിലെ കായല്‍ പരപ്പിന്റെ അതേ തനിമയും പ്രകൃതിഭംഗിയും സഞ്ചാരികള്‍ക്ക് നല്‍കാന്‍ കഴിയുന്ന മലബാറിലെ ഏക വിനോദസഞ്ചാര കേന്ദ്രമാണ് അകലാപ്പുഴയെന്ന് മന്ത്രി വിലയിരുത്തി.

ജലഗതാഗത പാരമ്പര്യം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ഈ പ്രദേശം ഏറെ ശ്രദ്ധേയമാണ്. ജനപ്രതിനിധികള്‍ക്കൊപ്പം ബോട്ടില്‍ അകലാപ്പുഴയിലൂടെ സഞ്ചരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അകലാപ്പുഴയെ ടൂറിസം സൗഹൃദ മേഖലയായി മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു.

'അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും അവയെ പുനരാവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാദേശിക തനിമ, സംസ്‌കാരം, ഭക്ഷണരീതികള്‍, തൊഴില്‍ വൈദഗ്ധ്യം എന്നിവ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കുന്ന എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം ആശയം ഇവിടെ നടപ്പാക്കും' എന്ന് മന്ത്രി പറഞ്ഞു.

സന്ദര്‍ശന വേളയില്‍ പേരാമ്പ്ര എംഎല്‍എ അഡ്വ. കെ. പ്രവീണ്‍കുമാര്‍, കൊയിലാണ്ടി എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അടുത്ത ഘട്ടത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ബോട്ടിംഗ്, ഹോംസ്റ്റേ, പ്രാദേശിക കരകൗശല വിപണി തുടങ്ങിയവ ഉള്‍പ്പെടുത്തി അകലാപ്പുഴയെ സമഗ്ര ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377423/akalappuzha-tourism-destination-minister-pc-vishnunadh-visit)