---
title: "കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഐ എം ആക്രമണം: യുഡിഎഫ് ആരോപണം "
english_title: "Kottur Panchayat President Sujatha Allegedly Attacked by CPI(M) Workers, Hospitalized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377742/kottur-panchayat-president-sujatha-attacked-udhfcpi-m"
published_at: "2026-08-10T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7981d0b9b46_kottur.jpg"
keywords: ["Kottur Grama Panchayat", "UDF", "CPI(M)", "LDF"]
---

# കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഐ എം ആക്രമണം: യുഡിഎഫ് ആരോപണം 

> **Lead Summary:** **കോട്ടൂര്‍: **ഹരിത കര്‍മ്മ സേനയുടെ വാഹനത്തില്‍ പുതിയ ഡ്രൈവറെ നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഭരണപക്ഷ-പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള പ്രശ്‌നം കൈയാങ്കളിയില്‍ കലാശിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സുജാതക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് യുഡിഎഫ്.

## Article Content

**കോട്ടൂര്‍: **ഹരിത കര്‍മ്മ സേനയുടെ വാഹനത്തില്‍ പുതിയ ഡ്രൈവറെ നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഭരണപക്ഷ-പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള പ്രശ്‌നം കൈയാങ്കളിയില്‍ കലാശിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സുജാതക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് യുഡിഎഫ്.

പരിക്കേറ്റ പ്രസിഡന്റിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷം പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി ഇന്ന് ഓഫീസിലേക്ക് എത്തിയ പ്രസിഡന്റിനെ ഗേറ്റില്‍ തടഞ്ഞതായാണ് യുഡിഎഫിന്റെ ആരോപണം.

പ്രതിപക്ഷ മെമ്പര്‍മാരടക്കമുള്ളവര്‍ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്നും സിപിഎം, എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലാണ് ക്രൂരമായ മര്‍ദ്ദനം നടന്നതെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ബോധരഹിതയായി വീണ പ്രസിഡന്റിനെ ഉടന്‍ പൊലീസിന്റെ സഹായത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്.

എല്‍ഡിഎഫ് വനിതകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നതിനാല്‍ ബാലുശ്ശേരി എസ്‌ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റിന് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് യുഡിഎഫ് ആരോപിച്ചു.

സംഭവമറിഞ്ഞ് നിരവധി എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. കൂടുതല്‍ പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

ഭരണമാറ്റത്തിന് ശേഷം നിയമവഴിയിലൂടെ യോഗ്യതയുള്ള വനിതാ ഡ്രൈവറെയാണ് നിയമിച്ചതെന്നും അതിനെ അടിസ്ഥാനരഹിതമായി എല്‍ഡിഎഫ് ചോദ്യം ചെയ്യുകയാണെന്നും യുഡിഎഫ് പറഞ്ഞു.

എന്നാല്‍ പഞ്ചായത്തിലെ വനിതകളുടെ നേതൃത്വത്തില്‍ മാത്രമാണ് പ്രസിഡന്റിനെ ഉപരോധിച്ചതെന്നും ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് മെമ്പര്‍ ലിനീഷ് നരയംകുളം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377742/kottur-panchayat-president-sujatha-attacked-udhfcpi-m)