---
title: "ആവള പന്നിമുക്ക് റോഡ് തകർന്ന് ഗതാഗതം ദുസ്സഹം: പണി പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യം"
english_title: "Avalapannimukku Road in Bad Condition, Locals Face Severe Hardship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377919/avalapannimukku-road-damaged-kerala-congress-demand"
published_at: "2026-08-11T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7abc2e024c8_puls.JPG"
keywords: ["Avalapannimukku", "Road Damage", "Perambra", "Kerala Congress"]
---

# ആവള പന്നിമുക്ക് റോഡ് തകർന്ന് ഗതാഗതം ദുസ്സഹം: പണി പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യം

> **Lead Summary:** **ആവള: **ആവള പന്നിമുക്ക് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതം ദുസ്സഹമായതോടെ നാട്ടുകാര്‍ കടുത്ത ദുരിതത്തിലായി.

## Article Content

**ആവള: **ആവള പന്നിമുക്ക് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതം ദുസ്സഹമായതോടെ നാട്ടുകാര്‍ കടുത്ത ദുരിതത്തിലായി.

പേരാമ്പ്രയില്‍ നിന്ന് പള്ളിയത്തേക്ക് സര്‍വീസ് നടത്തുന്ന നിരവധി ബസുകള്‍ ഈ റോഡ് വഴിയാണ് കടന്നുപോകുന്നത്. എന്നാല്‍ റോഡില്‍ വലിയ കുഴികളും ഇടിഞ്ഞു തകര്‍ന്ന ഭാഗങ്ങളും കാരണം വാഹനങ്ങള്‍ ഇറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. 

റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് തുടക്കം കുറിച്ചിരുന്നെങ്കിലും പണികള്‍ പാതിവഴിയില്‍ നിലച്ചു കിടക്കുകയാണ്. ഇതുമൂലം സ്‌കൂള്‍ കുട്ടികള്‍ക്കും രോഗികള്‍ക്കും ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. 

അവള യു.പി സ്‌കൂളിലേക്കും അവള കുട്ടോത്ത് ഹൈസ്‌കൂളിലേക്കും നിരവധി വിദ്യാര്‍ത്ഥികള്‍ ദിവസവും ഈ റോഡ് വഴിയാണ് നടന്നു പോകുന്നത്. മഴ പെയ്താല്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുന്നതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ ഏറെ പ്രയാസമുണ്ട്. 

അതുപോലെ അവള ഹോസ്പിറ്റലിലേക്ക് ചികിത്സയ്ക്കായി വരുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും പോലും ഈ റോഡ് വഴി പോകുന്നത് വെല്ലുവിളിയായിരിക്കുകയാണ്. 

പ്രദേശത്തെ പ്രധാന ഗതാഗത കേന്ദ്രമായ ഈ റോഡ് എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി മനോജ് അവള ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് റോഡ് പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ സുരക്ഷയും ദൈനംദിന യാത്രയും കണക്കിലെടുത്ത് റോഡ് പണി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377919/avalapannimukku-road-damaged-kerala-congress-demand)