---
title: " നൊച്ചാട് സൗത്ത്: സിപിഐ എം നേതാക്കളുടെ വീട്ടില്‍ രാത്രി പൊലീസ് കയറിയതില്‍ പ്രതിഷേധം"
english_title: "CPI(M) Nochad South Protests Police Entry at Leaders House Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377930/nochad-south-cpim-protest-police-entry-perambra"
published_at: "2026-08-11T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ac3add6785_yuo.jpg"
keywords: ["CPI(M)", "Nochad South", "Perambra Police", "Protest", "Democratic Rights"]
---

#  നൊച്ചാട് സൗത്ത്: സിപിഐ എം നേതാക്കളുടെ വീട്ടില്‍ രാത്രി പൊലീസ് കയറിയതില്‍ പ്രതിഷേധം

> **Lead Summary:** നൊച്ചാട്: സിപിഐ എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എന്‍.പി. ഷിജു, അഡ്വ. ആദിത്യ സുകുമാരന്‍ എന്നിവരുടെ വീട്ടില്‍ പേരാമ്പ്ര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ അന്യായമായി കയറിയ നടപടിയില്‍ സിപിഐ എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

## Article Content

നൊച്ചാട്: സിപിഐ എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എന്‍.പി. ഷിജു, അഡ്വ. ആദിത്യ സുകുമാരന്‍ എന്നിവരുടെ വീട്ടില്‍ പേരാമ്പ്ര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ അന്യായമായി കയറിയ നടപടിയില്‍ സിപിഐ എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

രണ്ട് പേരും വീട്ടിലില്ലാത്ത സമയത്താണ് വനിതാ പൊലീസുകാരുള്‍പ്പെടെയുള്ള സംഘം വീട്ടില്‍ എത്തി അമ്മയെ ചോദ്യം ചെയ്തതെന്ന് ലോക്കല്‍ കമ്മറ്റി ആരോപിച്ചു. ഷിജുവും ആദിത്യയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായവരാണ്. ഇരുവര്‍ക്കുമെതിരെ കേസുകളില്‍ വാറണ്ടുകളൊന്നുമില്ല.

പൊലീസിന് അന്വേഷിക്കാനുള്ളത് ഉണ്ടെങ്കില്‍ ഫോണ്‍ വഴി ബന്ധപ്പെടാവുന്നതേയുള്ളൂവെന്നും, നിയമവിരുദ്ധമായാണ് വീട്ടില്‍ കടന്നുകയറിയതെന്നും യോഗം വിലയിരുത്തി. യുഡിഎഫിന് ഭരണം ലഭിച്ചതോടെ നൊച്ചാട്ടെ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനെ താവളമാക്കിയിരിക്കുകയാണെന്നും, അവരുടെ താളത്തിനൊപ്പം തുള്ളുകയാണ് പൊലീസെന്നും സംശയം പ്രകടിപ്പിച്ചു.

സിപിഐ എം നേതാക്കള്‍ക്കെതിരെ അന്യായമായി കേസെടുക്കുന്നതും, രാത്രികളില്‍ ഉള്‍പ്പെടെ വീടുകള്‍ കയറി പരിശോധിക്കുന്നതും തുടര്‍ക്കഥയായിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് സിപിഐ എമ്മിനെ വേട്ടയാടാനാണ് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമെങ്കില്‍ നൊച്ചാട്ടെ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

നിയമത്തിന്റെ വഴിവിട്ട് പേരാമ്പ്ര പൊലീസ് യുഡിഎഫിന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും തീരുമാനിച്ചു. യോഗത്തില്‍ സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. രാജന്‍, എടവന സുരേന്ദ്രന്‍, ഡി.എം. രജി, പ്രഭാശങ്കര്‍, വി.എം. സുഭാഷ്, ടി.എം. ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377930/nochad-south-cpim-protest-police-entry-perambra)