---
title: " പേരാമ്പ്ര ലഹരിക്കേസ്: അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ബിജെപി ആവശ്യം"
english_title: "Perambra Drug Case BJP Demands SIT Probe Against Arrested Teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377987/perambra-drug-case-bjp-demands-sit-probe"
published_at: "2026-08-11T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7af7758af47_tyrr.jpg"
keywords: []
---

#  പേരാമ്പ്ര ലഹരിക്കേസ്: അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ബിജെപി ആവശ്യം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ മാരക രാസലഹരിയായ എംഡിഎംഎ യുമായി അറസ്റ്റിലായ സംഭവത്തില്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി പുനരന്വേഷണം നടത്തണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ മാരക രാസലഹരിയായ എംഡിഎംഎ യുമായി അറസ്റ്റിലായ സംഭവത്തില്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി പുനരന്വേഷണം നടത്തണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് അധ്യാപകനെ എംഡിഎംഎ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ദീര്‍ഘകാലമായി ഇയാള്‍ ലഹരി ഉപയോഗിക്കുന്നതായി വ്യക്തമായിട്ടും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ നല്‍കിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബിആര്‍സിയില്‍ നേരത്തെ അറസ്റ്റിലായ അധ്യാപികമാരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നതായും യോഗം വിലയിരുത്തി.

പ്രതിയായ അധ്യാപകനെ പുറത്താക്കി തലയൂരാനുള്ള മാനേജ്‌മെന്റിന്റെ ശ്രമവും പൊലീസിന്റെ നിഷ്‌ക്രിയത്വവും നാട്ടുകാരിലും രക്ഷിതാക്കളിലും വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ കേസിന്റെ സമഗ്രമായ അന്വേഷണത്തിനായി അടിയന്തരമായി പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി ബിജെപി ജില്ലാ സെക്രട്ടറി തറമല്‍ രാഗേഷ് അറിയിച്ചു. യോഗത്തില്‍ ഡി.കെ. മനു അധ്യക്ഷത വഹിച്ചു. വി.കെ. ജയന്‍, തറമല്‍ രാഗേഷ്, എം. പ്രകാശന്‍, പി.എം. ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377987/perambra-drug-case-bjp-demands-sit-probe)