---
title: "പൂര്‍വ്വിക സ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ് ബലിതര്‍പ്പണം"
english_title: "Karkidaka Vavu Bali 2026 Significance and Rituals in Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378105/karkidaka-vavu-bali-2026-significance-rituals"
published_at: "2026-08-12T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c047abae82_bhli.jpg"
keywords: ["Karkidaka Vavu", "Bali Tharpanam", "Ancestor Worship", "Pitru Tarpanam", "Shradham"]
---

# പൂര്‍വ്വിക സ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ് ബലിതര്‍പ്പണം

> **Lead Summary:** **പേരാമ്പ്ര: **പൂര്‍വ്വിക സ്മരണയുടെ ദിനമായ കര്‍ക്കിടക വാവ് ഇന്ന് ആചരിക്കുന്നു. പണ്ടുകാലത്ത് അധികം പേരും വീടുകളിലായിരുന്നു ബലിതര്‍പ്പണം നടത്തിയിരുന്നതെങ്കില്‍, ഇന്ന് ഭൂരിഭാഗം ആളുകളും ക്ഷേത്രങ്ങളോട് അനുബന്ധിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളിലാണ് ബലിയിടാന്‍ എത്തുന്നത്.

## Article Content

**പേരാമ്പ്ര: **പൂര്‍വ്വിക സ്മരണയുടെ ദിനമായ കര്‍ക്കിടക വാവ് ഇന്ന് ആചരിക്കുന്നു. പണ്ടുകാലത്ത് അധികം പേരും വീടുകളിലായിരുന്നു ബലിതര്‍പ്പണം നടത്തിയിരുന്നതെങ്കില്‍, ഇന്ന് ഭൂരിഭാഗം ആളുകളും ക്ഷേത്രങ്ങളോട് അനുബന്ധിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളിലാണ് ബലിയിടാന്‍ എത്തുന്നത്.

പൂര്‍വ്വികര്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ ആചാരപരമായി സമര്‍പ്പിക്കുന്നതിനെയാണ് ശ്രാദ്ധം അല്ലെങ്കില്‍ പ്രാദേശിക ഭാഷയില്‍ 'ബലി' എന്ന് പറയുന്നത്. മരിച്ചുപോയ മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതീകാത്മകമായി ഭക്ഷണം നല്‍കുന്ന ചടങ്ങാണിത്. കറുത്തവാവ് പിതൃക്കള്‍ക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ്. അതിനാല്‍ കേരളീയര്‍ പൊതുവേ ഈ ദിവസമാണ് ബലിയിടാന്‍ തെരഞ്ഞെടുക്കുന്നത്.

അതുപോലെ തുലാമാസത്തിലെ വാവും പ്രധാനമാണ്.എന്തിനാണ് ബലിയിടുന്നത് എന്ന ചോദ്യം പ്രസക്തമാണ്. മരിച്ചുപോയ പൂര്‍വ്വികര്‍ ഭൂമിയില്‍ നിന്ന് വിടവാങ്ങിയിട്ടും അവരെ നാം ശ്രാദ്ധമൂട്ടി സ്മരിക്കുന്നത് നമ്മുടെ വളര്‍ച്ചയ്ക്ക് അഹോരാത്രം പണിയെടുത്തവര്‍ക്കുള്ള നന്ദി പ്രകടനമാണ്. അരി അഥവാ ചോറ്, എള്ള്, പുഷ്പം, വെള്ളം എന്നിവ ചേര്‍ത്ത് സമര്‍പ്പിക്കുന്നതാണ് ചടങ്ങ്.

അന്നത്തിന്റെ പ്രതീകമായതിനാലാണ് അരി ബലിയിടലിലെ പ്രധാന വസ്തുവാകുന്നത്. അവരുടെ സേവനങ്ങളെ സ്മരിക്കുക എന്ന പിതൃകര്‍മ്മമാണ് വാവുദിനത്തില്‍ നാം അനുഷ്ഠിക്കുന്നത്. അതിലൂടെ അവരുടെ പാതകള്‍ പിന്തുടരുക എന്നതാണ് പിന്‍തലമുറകളുടെ ധര്‍മ്മം.കാലഗണനയില്‍ ഒരു വര്‍ഷത്തെ ഉത്തരായനവും ദക്ഷിണായനവുമായി തിരിച്ചിട്ടുണ്ട്.

മകരം മുതല്‍ മിഥുനം വരെ ഉത്തരായനവും കര്‍ക്കിടകം മുതല്‍ ധനു വരെ ദക്ഷിണായനവുമാണ്. ദക്ഷിണായനം പിതൃക്കള്‍ക്കും ഭൗതിക കാര്യങ്ങള്‍ക്കും പ്രാധാന്യമുള്ള സമയമാണ്. അതുകൊണ്ടാണ് കര്‍ക്കിടക വാവുദിനത്തില്‍ പിതൃക്കള്‍ക്കായുള്ള സ്മരണയും പൂജയും നടത്തുന്നത്.

മാതൃവശത്തും പിതൃവശത്തുമുള്ള, ജന്മത്തിന് കാരണമായവരെയും അവരുമായി ബന്ധപ്പെട്ട മണ്‍മറഞ്ഞ സര്‍വ്വ ചരാചരങ്ങളെയും ഓര്‍ക്കുന്ന ദിനം കൂടിയാണിത്. ശ്രദ്ധയോടും സമര്‍പ്പണത്തോടും ഭക്തിയോടും കൂടി ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ കുടുംബത്തിനും നാടിനും ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം. തെക്കോട്ട് തിരിഞ്ഞിരുന്ന് നാക്കിലയില്‍ ദര്‍ഭപ്പുല്ല് വെച്ച് പിതൃ പരമ്പരകളെ സങ്കല്പിച്ച് അരിയും വെള്ളവും എള്ളും പുഷ്പവും മന്ത്രം സഹിതം സമര്‍പ്പിക്കുന്നതാണ് രീതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378105/karkidaka-vavu-bali-2026-significance-rituals)