---
title: "'മൈ പൊലീസ് സ്റ്റേഷന്‍' പദ്ധതി ഓഗസ്റ്റ് 15 മുതല്‍: ജനസൗഹൃദ പൊലീസിങ്ങിന് പുതിയ മുഖം"
english_title: "My Police Station Project to Launch on August 15: Kerala Police Gets New Face"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378304/my-police-station-project-kerala-launch-august-15"
published_at: "2026-08-13T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d7bd3d279a_hi.jpg"
keywords: ["My Police Station", "Kerala Police", "SHO", "SI"]
---

# 'മൈ പൊലീസ് സ്റ്റേഷന്‍' പദ്ധതി ഓഗസ്റ്റ് 15 മുതല്‍: ജനസൗഹൃദ പൊലീസിങ്ങിന് പുതിയ മുഖം

> **Lead Summary:** **പേരാമ്പ്ര : **ജനസൗഹൃദ പൊലീസിന് പുതിയ മുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതി ആഗസ്റ്റ് 15 മുതല്‍ നിലവില്‍ വരും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ലക്ഷ്യം.

## Article Content

**പേരാമ്പ്ര : **ജനസൗഹൃദ പൊലീസിന് പുതിയ മുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതി ആഗസ്റ്റ് 15 മുതല്‍ നിലവില്‍ വരും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ലക്ഷ്യം.

ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന ജനാധിപത്യ പൊലീസിങ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിലും സ്റ്റേഷനുകളിലും സമഗ്ര മാറ്റം വരുത്തുന്നതാണ് 'മൈ പോലീസ് സ്റ്റേഷന്‍' പദ്ധതി. പൊലീസിനെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കി മാറ്റുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ മുഖഛായയും മാറും.

പദ്ധതിയോടനുബന്ധിച്ച്, മുന്‍പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വഹിച്ചിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ചുമതല ഇനി മുതല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (എസ്‌ഐ) നല്‍കും. സംസ്ഥാനത്തെ 484 ലോ ആന്‍ഡ് ഓര്‍ഡര്‍ പൊലീസ് സ്റ്റേഷനുകളില്‍ 419 എണ്ണത്തിലാണ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരെ എസ്എച്ച്ഒ മാരായി നിയമിക്കുന്നത്.

നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്ന യുവതീ-യുവാക്കളായ എസ്‌ഐമാര്‍ക്ക് പുതിയ ചുമതലകള്‍ ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനമെടുക്കാനുള്ള ശേഷിയും കൂടുതല്‍ ശക്തമാക്കും. അതേസമയം സിറ്റികളിലേതുള്‍പ്പെടെ മറ്റു പ്രാധാനപ്പെട്ട 64 സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ എസ്എച്ച്ഒ മാരായി തുടരും.

63 പൊലീസ് സ്റ്റേഷനുകളില്‍ വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരാണ് എസ്എച്ച്ഒ മാരാകാന്‍ പോകുന്നത് എന്നത് സവിശേഷമായ നേട്ടമാണ്. എസ്‌ഐ മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കീഴില്‍ 200 പൊലീസ് സര്‍ക്കിളുകള്‍ രൂപീകരിക്കും.

സ്റ്റേഷനുകളില്‍ എത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി സേവനം നല്‍കി പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. കസ്റ്റഡി മരണങ്ങളും കസ്റ്റഡി മര്‍ദ്ദനങ്ങളും പൂര്‍ണമായി ഇല്ലാതാക്കും.

സംസ്ഥാനത്ത് 20 വര്‍ഷമായി നിലനില്‍ക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും. പദ്ധതിയുടെ ഭാഗമായി റേഞ്ച് ഡിഐജി മാര്‍ തങ്ങളുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ നിന്ന് സ്വതന്ത്രമായി ഫീഡ്ബാക്ക് ശേഖരിച്ച് മാസം തോറും വിലയിരുത്തലുകള്‍ നടത്തും.

സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) ആയിരിക്കും 'മൈ പോലീസ് സ്റ്റേഷന്‍' കോ-ഓര്‍ഡിനേറ്റര്‍. പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിക്കും.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതിയുടെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരേ നിറത്തിലുള്ള പെയിന്റടിക്കും. മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം 14 ന് കാലത്ത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378304/my-police-station-project-kerala-launch-august-15)