---
title: " വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റായി എം. രജീഷ്; മൈതാന നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് പ്രമേയം"
english_title: "M Rajesh Elected PTA President of Vengappatta Govt High School, Demands Speedy Ground Construction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378490/m-rajesh-elected-pta-president-of-vengappatta-govt-high-school-demands-speedy-ground-construction"
published_at: "2026-08-14T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ed20237841_vengappatta-govt-high-school-pta-president-m-rajesh.JPG"
keywords: []
---

#  വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റായി എം. രജീഷ്; മൈതാന നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് പ്രമേയം

> **Lead Summary:** **പേരാമ്പ്ര:** വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ പിടിഎ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. എം. രജീഷ് പ്രസിഡന്റായും കെ.എം. ബനീഷ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**പേരാമ്പ്ര:** വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ പിടിഎ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. എം. രജീഷ് പ്രസിഡന്റായും കെ.എം. ബനീഷ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

കൂത്താളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ശ്രീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം. രജീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ധന്യ രമേശ് മുഖ്യ അതിഥിയായിരുന്നു.

എച്ച്എം ഇന്‍ചാര്‍ജ് സെലീന സ്വാഗതം പറഞ്ഞ യോഗത്തില്‍ പി സന്തോഷ്, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. എംപിടിഎ ഭാരവാഹികളായി കെ അനുപമ പ്രസിഡന്റായും കെ ഇസ് ല വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിലെ പ്രധാന പ്രമേയം സ്‌കൂളിലെ മൈതാന നിര്‍മ്മാണവുമായി ബന്ധപ്പെട്ടതായിരുന്നു. മൈതാനം നിര്‍മ്മിക്കുന്നതിനുള്ള മണ്ണ് മാറ്റല്‍ പ്രക്രിയ വേഗത്തിലാക്കണമെന്ന് പിടിഎ ജനറല്‍ ബോഡി ആവശ്യപ്പെട്ടു.

ജിയോളജി വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി സ്‌കൂളിന്റെ മൈതാന നിര്‍മ്മാണം നീണ്ടുനില്‍ക്കുകയാണ്. ഈ തടസ്സങ്ങള്‍ ഉടന്‍ നീക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കളിസ്ഥലമില്ലാത്തത് വിദ്യാര്‍ത്ഥികളുടെ കായിക-പാഠ്യേതര പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും യോഗത്തില്‍ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ പിടിഎ പുതിയ ഭാരവാഹികള്‍ മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്റ് എം. രജീഷ് അറിയിച്ചു.

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിക്കും പിടിഎയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378490/m-rajesh-elected-pta-president-of-vengappatta-govt-high-school-demands-speedy-ground-construction)