---
title: "ലഹരിമാഫിയയ്ക്ക് കുടപിടിക്കരുത്: കേരള പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് ഡിവൈഎഫ്‌ഐ"
english_title: "DYFI Demands Kerala Police Should Not Support Drug Mafia"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378724/dyfi-perambra-protest-police-drug-mafia"
published_at: "2026-08-15T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80ae25ea052_dyfi-perambra-protest-police-drug-mafia.JPG"
keywords: ["DYFI", "Perambra", "Kerala Police", "Drug Mafia", "Protest"]
---

# ലഹരിമാഫിയയ്ക്ക് കുടപിടിക്കരുത്: കേരള പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് ഡിവൈഎഫ്‌ഐ

> **Lead Summary:** പേരാമ്പ്ര: കേരളത്തിലെ ലഹരി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് പൊലീസ് പിന്മാറണമെന്ന് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ രാസലഹരി വിപണനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ മുസാഫിറിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു.

## Article Content

പേരാമ്പ്ര: കേരളത്തിലെ ലഹരി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് പൊലീസ് പിന്മാറണമെന്ന് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ രാസലഹരി വിപണനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ മുസാഫിറിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു.

ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ലഹരി മാഫിയയും തമ്മിലുള്ള ബന്ധം ആരോപിച്ച് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പേരാമ്പ്ര സ്റ്റാന്‍ഡില്‍ പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡ് പൊലീസ് എത്തി നീക്കം ചെയ്യുകയായിരുന്നു.

ലഹരി മാഫിയകള്‍ക്കെതിരെ പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന പ്രതിഷേധ ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്യുന്നതിലൂടെ പരോക്ഷമായി ലഹരി സംഘങ്ങള്‍ക്ക് കുടപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ലഹരി മാഫിയയുമായുള്ള ബന്ധം ആരോപിക്കുന്ന മാധ്യമങ്ങളുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സമാനമായ നടപടിയാണ് ഇതെന്നും സംഘടന ആരോപിച്ചു.

കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രാസലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തെ തകര്‍ക്കാന്‍ പേരാമ്പ്രയിലെ പൊലീസ് ശ്രമിക്കുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പേരും ഇത്തരം നടപടികള്‍ക്കെതിരെ രംഗത്തുവരണമെന്നും ലഹരി മാഫിയയ്ക്ക് കുടപിടിക്കുന്നവരായി കേരള പൊലീസ് മാറരുതെന്നും ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378724/dyfi-perambra-protest-police-drug-mafia)