---
title: "സ്വാതന്ത്ര്യ ദിനത്തില്‍ പൈതോത്ത് സമൂഹ ശുചീകരണം നടത്തി"
english_title: "Independence Day 2026: Community Cleaning Drive Held in Paithoth, Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378864/paithoth-independence-day-community-cleaning-koothali-perambra"
published_at: "2026-08-17T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8287489d3b9_open.JPG"
keywords: ["Independence Day", "Community Cleaning", "Paithoth", "Koothali", "Kudumbashree"]
---

# സ്വാതന്ത്ര്യ ദിനത്തില്‍ പൈതോത്ത് സമൂഹ ശുചീകരണം നടത്തി

> **Lead Summary:** പേരാമ്പ്ര: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം നാടെങ്ങും ആഘോഷിക്കുമ്പോള്‍ കൂത്താളി പൈതോത്ത് മേഖല ആഘോഷത്തെ വ്യത്യസ്തമാക്കിയത് സമൂഹ ശുചീകരണത്തോടെയാണ്. പൈതോത്ത് ഓപ്പണ്‍ സ്‌പേസ്, കുടുംബശ്രീ, ഷീ ഗാര്‍ഡ് എന്നിവയിലെ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

## Article Content

പേരാമ്പ്ര: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം നാടെങ്ങും ആഘോഷിക്കുമ്പോള്‍ കൂത്താളി പൈതോത്ത് മേഖല ആഘോഷത്തെ വ്യത്യസ്തമാക്കിയത് സമൂഹ ശുചീകരണത്തോടെയാണ്. പൈതോത്ത് ഓപ്പണ്‍ സ്‌പേസ്, കുടുംബശ്രീ, ഷീ ഗാര്‍ഡ് എന്നിവയിലെ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പകര്‍ച്ചവ്യാധികള്‍ക്ക് തടയിടുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനുമായി പൈതോത്ത് പള്ളിത്താഴ മുതല്‍ ഗ്രാമം സ്റ്റോപ്പ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ശ്രമദാനത്തിലൂടെ ശുചീകരിച്ചു. കൂത്താളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാ പ്രഭാകരന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായത്.

തുടര്‍ന്ന് സമൂഹ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. ഇ.കെ. ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.പി.കെ. അഹമ്മദ് കുട്ടി, രാജന്‍ കെ. പുതിയേടത്ത്, എം.പി. മൊയ്തു, ടി.പി. ബാലന്‍ നായര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പി.സി ഷമീര്‍, ഷംസുദ്ദീന്‍ കൊമ്പന്‍തറ, പി.എം. അസീസ്, അബ്ദുള്ള പടിക്കല്‍, യാസര്‍ അറഫാത്ത്, ഹബീബ, ജുവൈരിയ, സമീറ, ദില്‍ന, സീമ, ടി.കെ കൃഷ്ണ വേണി എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി നാട്ടുകാരും വിദ്യാര്‍ഥികളും ശ്രമദാനത്തില്‍ പങ്കാളികളായി.

ചടങ്ങിന്റെ ഭാഗമായി എല്ലാവര്‍ക്കും പായസ വിതരണവും നടത്തി. സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ശുചിത്വത്തിലൂടെയും സാമൂഹിക ഉത്തരവാദിത്തത്തിലൂടെയുമാണ് സാധ്യമാകുന്നതെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378864/paithoth-independence-day-community-cleaning-koothali-perambra)