---
title: "ചിങ്ങം ഒന്ന് കര്‍ഷക ദിനം: പാലേരിയില്‍ കേര കര്‍ഷക തൊഴിലാളികളെ ആദരിച്ചു"
english_title: "Farmers Day Celebrated in Paleri: Coconut Farm Workers Honored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378968/paleri-farmers-day-coconut-workers-honored"
published_at: "2026-08-17T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83256ba69b2_paleri-farmers-day-coconut-workers-honored.JPG"
keywords: ["Farmers Day", "Coconut Workers", "Changaroth Panchayat", "Kerala Agriculture"]
---

# ചിങ്ങം ഒന്ന് കര്‍ഷക ദിനം: പാലേരിയില്‍ കേര കര്‍ഷക തൊഴിലാളികളെ ആദരിച്ചു

> **Lead Summary:** **പാലേരി: **കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് കേര കര്‍ഷക തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് പാലേരി ചാലില്‍ ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ചാലില്‍ ട്രേഡേഴ്‌സ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പാലേരി: **കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് കേര കര്‍ഷക തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് പാലേരി ചാലില്‍ ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ചാലില്‍ ട്രേഡേഴ്‌സ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഉദ്ഘാടനം ചെയ്തു.

കൃഷിയിലൂടെയും അധ്വാനത്തിലൂടെയും നാടിന്റെ വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന കേര കര്‍ഷക തൊഴിലാളികളുടെ സേവനത്തെ സമൂഹം അംഗീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേര കര്‍ഷക തൊഴിലാളികളായ കല്ലം പറമ്പില്‍ അഷറഫ്, പുളിയത്ത് പത്മനാഭന്‍, പാറേന്റെ മീത്തല്‍ ഉണ്ണികൃഷ്ണന്‍, വലിയ പറമ്പില്‍ അരവിന്ദന്‍ എന്നിവരെ പൊന്നാടയണിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

സി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. രവീന്ദ്രന്‍, കെ.എം. ശാലിനി, വ്യാപാരി വ്യവസായി പ്രതിനിധികളായ സി.എച്ച്. രാജീവന്‍, ശ്രീനി മനത്താനത്ത്, ഇല്ലത്ത് മോഹനന്‍, പി.സി. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാലാവസ്ഥാ മാറ്റവും വിലത്തകര്‍ച്ചയും കാരണം കേര കര്‍ഷകര്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളിലും അധ്വാനം തുടരുന്ന തൊഴിലാളികളെ ആദരിക്കുന്നത് യുവതലമുറയ്ക്ക് പ്രചോദനമാകുമെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കേര കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും സര്‍ക്കാര്‍ സഹായ പദ്ധതികളെക്കുറിച്ചും അവബോധം നല്‍കുന്ന പരിപാടികളും സംഘടിപ്പിച്ചു. കൃഷിയെ ലാഭകരമാക്കുന്നതിനും കര്‍ഷക തൊഴിലാളികളുടെ ക്ഷേമത്തിനുമായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378968/paleri-farmers-day-coconut-workers-honored)