---
title: "കര്‍ഷകദിനം ആചരിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും "
english_title: "Farmers Day Celebrated in Meppayur: 10 Farmers Honoured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378984/meppayur-farmers-day-2026-chingam-1-awards"
published_at: "2026-08-17T23:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83536a31e7f_meppayur-farmers-day-2026-chingam-1-awa.JPG"
keywords: ["Farmers Day", "Chingam 1", "Kozhikode", "Agriculture", "Krishi Bhavan", "Fatima Thahliya"]
---

# കര്‍ഷകദിനം ആചരിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും 

> **Lead Summary:** **മേപ്പയ്യൂര്‍:** നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കര്‍ഷകര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ അംഗീകാരവും പരിരക്ഷയും നല്‍കുക എന്ന ലക്ഷ്യത്തോടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷകദിനം വ്യാപാരഭവനില്‍ വെച്ച് വിപുലമായി ആചരിച്ചു.

## Article Content

**മേപ്പയ്യൂര്‍:** നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കര്‍ഷകര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ അംഗീകാരവും പരിരക്ഷയും നല്‍കുക എന്ന ലക്ഷ്യത്തോടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷകദിനം വ്യാപാരഭവനില്‍ വെച്ച് വിപുലമായി ആചരിച്ചു.

ടൗണില്‍ നിന്നുള്ള ഘോഷയാത്രയോടെയാണ് ദിനാചരണങ്ങള്‍ക്ക് തുടക്കമായത്. പഞ്ചായത്ത് പ്രസിഡന്റ് ടി നിബിത അധ്യക്ഷത വഹിച്ച ചടങ്ങ് പേരാമ്പ്ര നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ ആദരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

വിവിധ വിഭാഗങ്ങളിലെ 10 കര്‍ഷകരെയാണ് ചടങ്ങില്‍ ആദരിച്ചത്. മുതിര്‍ന്ന കര്‍ഷകന്‍ കുഞ്ഞിഅനന്തന്‍, ജൈവ കര്‍ഷകന്‍ ശങ്കരന്‍, നെല്‍കര്‍ഷകന്‍ സി.കെ രാജന്‍, വനിതാ കര്‍ഷക കെ.കെ സുബൈദ, കര്‍ഷക തൊഴിലാളി പി കുഞ്ഞിക്കേളപ്പന്‍, യുവ കര്‍ഷകന്‍ സിദ്ധാര്‍ഥ് ദേവന്‍, മികച്ച പുഷ്പകര്‍ഷക പുഷ്പലത, ക്ഷീര കര്‍ഷകന്‍ വിനോദ്, വിദ്യാര്‍ഥി കര്‍ഷകന്‍ ഇ.വി. ഹേമന്ത്, വിദ്യാര്‍ഥി കര്‍ഷകന്‍ അലന്‍കൃഷ്ണ എന്നിവര്‍ക്കാണ് ആദരം ലഭിച്ചത്.

കര്‍ഷകദിനത്തില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കും മുളക് തൈ മേപ്പയ്യൂര്‍ കേരഗ്രാമം സമിതി വഴി സൗജന്യമായി നല്‍കി. കാര്‍ഷിക കര്‍മ്മസേന കര്‍ഷകര്‍ക്ക് ഫോട്ടോ ഫ്രെയിം സമ്മാനിച്ചു. ആദരിക്കപ്പെട്ട കര്‍ഷകര്‍ക്ക് സര്‍വീസ് സഹകരണ ബാങ്ക് തൂമ്പയും കേരള ഗ്രാമീണ്‍ ബാങ്ക് റോസ്‌കാനും നല്‍കി.

ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, അഗ്രിക്കള്‍ച്ചറല്‍ മര്‍ക്കന്റൈല്‍സ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവ കര്‍ഷകദിനത്തിന് സാമ്പത്തിക സഹായം നല്‍കി.

ചടങ്ങില്‍ കൃഷി ഓഫീസര്‍ ഡോ. ആര്‍.എ. അപര്‍ണ സ്വാഗതം പറഞ്ഞു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ദാമോദരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ വടക്കയില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ലിജീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജസ് ല കൊമ്മിലേരി, ടൗണ്‍ വാര്‍ഡ് അംഗം ജാഫര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിത നന്ദിനി, സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. രാജീവന്‍, ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.കെ. രാഘവന്‍, മേപ്പയ്യൂര്‍ കാര്‍ഷിക കര്‍മ്മസേന പ്രസിഡന്റ് കെ.കെ. കുഞ്ഞിരാമന്‍, എന്‍.കെ. ചന്ദ്രന്‍, കുന്നത്ത് ശ്രീധരന്‍, ബാലകൃഷ്ണന്‍ കിടാവ്, കെ.എം. രവീന്ദ്രന്‍, വി. കുഞ്ഞിരാമന്‍ കിടാവ്, എന്‍.കെ. ബാലന്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ പി.ഡി ഐശ്വര്യ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം ദിലീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കര്‍ഷകദിനത്തോടനുബന്ധിച്ച് കീഴ്പയ്യൂര്‍ എ.യു.പി സ്‌കൂളില്‍ നടത്തിയ കാര്‍ഷിക ക്വിസ് മത്സരത്തില്‍ ധ്യാന്‍ ദേവ്, പി.കെ ആദിദേവ് എന്നിവര്‍ വിജയികളായി. കൃഷി അസിസ്റ്റന്റ് ടി.പി അജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378984/meppayur-farmers-day-2026-chingam-1-awards)