---
title: "വേളം പഞ്ചായത്തില്‍ 'ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ട്' പരിശോധന"
english_title: "Operation Hotspot Campaign in Velam Panchayat: Rs 25000 Fine Imposed for Waste Violations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379157/velam-panchayat-operation-hotspot-campaign-fine"
published_at: "2026-08-19T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a854bd0c5391_velam-panchayat-operation-hotspot-campaign-fine.JPG"
keywords: ["Operation Hotspot", "Waste Management", "Fine"]
---

# വേളം പഞ്ചായത്തില്‍ 'ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ട്' പരിശോധന

> **Lead Summary:** വേളം: മാലിന്യ നിര്‍മാര്‍ജ്ജനം ശക്തമാക്കുന്നതിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്ത് 'ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ട്' ക്യാമ്പയിന് തുടക്കമിട്ടു. പഞ്ചായത്ത് പരിധിയിലെ പ്രധാന ടൗണുകള്‍, പൊതു സ്ഥലങ്ങള്‍, റോഡരികുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിശദമായ പരിശോധന നടത്തി.

## Article Content

വേളം: മാലിന്യ നിര്‍മാര്‍ജ്ജനം ശക്തമാക്കുന്നതിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്ത് 'ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ട്' ക്യാമ്പയിന് തുടക്കമിട്ടു. പഞ്ചായത്ത് പരിധിയിലെ പ്രധാന ടൗണുകള്‍, പൊതു സ്ഥലങ്ങള്‍, റോഡരികുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിശദമായ പരിശോധന നടത്തി.

മാലിന്യം കുന്നുകൂടുന്ന ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി ഉടനടി നടപടി സ്വീകരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. പരിശോധനയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. കൂടാതെ ജൈവ, അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടതിനും നിയമ ലംഘനം കണ്ടെത്തി. ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് ആകെ 25,000 രൂപ പിഴ ചുമത്തി.

പഞ്ചായത്ത് അസി. സെക്രട്ടറി പി.കെ ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഖില്‍ രാജ്, ക്ലര്‍ക്ക് ജഗന്‍, ശ്രീരാഗ്, വേളം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ സിറാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യം തരംതിരിച്ച് ശേഖരണത്തിന് നല്‍കാനും നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കാതിരിക്കാനും വ്യാപാരികളോടും പൊതുജനങ്ങളോടും പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചു. ശുചിത്വ വേളം എന്ന ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379157/velam-panchayat-operation-hotspot-campaign-fine)