---
title: "പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; കാർബൺ ന്യൂട്രൽ ലക്ഷ്യം"
english_title: "Harita Bhavanam Project Launched in Panthalayani Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379161/harita-bhavanam-project-panthalayani-block-panchayat"
published_at: "2026-08-19T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85523b75b1e_puls.JPG"
keywords: ["Harita Bhavanam", "Panthalayani Block Panchayat", "Carbon Neutral"]
---

# പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; കാർബൺ ന്യൂട്രൽ ലക്ഷ്യം

> **Lead Summary:** **അരിക്കുളം: **പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അരിക്കുളം, മൂടാടി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, അത്തോളി എന്നീ അഞ്ച് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം: **പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അരിക്കുളം, മൂടാടി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, അത്തോളി എന്നീ അഞ്ച് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ഹരിത ഭവനം പദ്ധതി നടപ്പിലാക്കുക, ബ്ലോക്ക് പഞ്ചായത്തിനെ ഘട്ടം ഘട്ടമായി കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികള്‍ക്കും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും ഏകദിന ശില്പശാല സംഘടിപ്പിച്ചത്.

കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ് നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അനുഷ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് സംസാരിച്ചു. 

ബാബു പറമ്പത്ത് നിറവ് വേങ്ങേരി വിഷയാവതരണം നടത്തി. ഹരിത ഭവനം പദ്ധതിയുടെ ലക്ഷ്യങ്ങള്‍, നടത്തിപ്പ് രീതികള്‍, ഗാര്‍ഹിക മാലിന്യ സംസ്‌കരണം, ഊര്‍ജ സംരക്ഷണം എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു. 

ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മധു കിഴക്കയില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സന്തോഷ് കുന്നുമ്മല്‍, ശ്രീലത, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, പി.കെ. രഘുനാഥ്, രചന, ഹഫ്‌സ മനാഫ്, വി. ബഷീര്‍, സി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി. ഷാനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിനോയ് നന്ദിയും പറഞ്ഞു. 

ഓരോ വീടും പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത ഭവനം പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് വിമുക്തം, ജൈവ മാലിന്യ സംസ്‌കരണം, അടുക്കളത്തോട്ടം, ജലസംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഘട്ടം ഘട്ടമായി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ഹരിത ഭവനങ്ങളാക്കി മാറ്റി കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്കായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379161/harita-bhavanam-project-panthalayani-block-panchayat)