---
title: "സാരംഗി ക്രിയേഷന്‍സിന്റെ 'ഹൃദയമേ' മ്യൂസിക്കല്‍ വീഡിയോ പ്രിവ്യൂ കോഴിക്കോട് നടന്നു"
english_title: "Hridayame Musical Video Preview Held in Kozhikode by Sarangi Creations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379460/hridayame-musical-video-preview-kozhiode-sarangi-creations"
published_at: "2026-08-21T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88099c6e66c_hridayame-musical-video-preview-kozhiode-sarangi-creations.jpg"
keywords: ["Hridayame", "Sarangi Creations", "Musical Video", "Arjun Sarangi", "Preview", "Malayalam Song"]
---

# സാരംഗി ക്രിയേഷന്‍സിന്റെ 'ഹൃദയമേ' മ്യൂസിക്കല്‍ വീഡിയോ പ്രിവ്യൂ കോഴിക്കോട് നടന്നു

> **Lead Summary:** **കോഴിക്കോട്: **സാരംഗി ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ 'ഹൃദയമേ' എന്ന മ്യൂസിക്കല്‍ വീഡിയോയുടെ പ്രിവ്യൂ ഷോ കോഴിക്കോട് കൃഷ്ണമേനോന്‍ തിയേറ്ററില്‍ നടന്നു. കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ പ്രകാശനം നിര്‍വഹിച്ചു.

## Article Content

**കോഴിക്കോട്: **സാരംഗി ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ 'ഹൃദയമേ' എന്ന മ്യൂസിക്കല്‍ വീഡിയോയുടെ പ്രിവ്യൂ ഷോ കോഴിക്കോട് കൃഷ്ണമേനോന്‍ തിയേറ്ററില്‍ നടന്നു. കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ പ്രകാശനം നിര്‍വഹിച്ചു.

പ്രണയത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് 'ഹൃദയമേ'. സാങ്കേതിക മികവും വൈകാരികമായ അവതരണവും കൊണ്ട് തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചേര്‍ത്തുപിടിക്കാന്‍ ഈ കൊച്ചു ചിത്രത്തിന് സാധിക്കുന്നുണ്ട്.

അധ്യാപകനും അഭിനേതാവുമായ അര്‍ജുന്‍ സാരംഗിയാണ് ചിത്രം സംവിധാനം ചെയ്തത്. വളരെ ലളിതവും എന്നാല്‍ പ്രേക്ഷകന്റെ മനസ്സില്‍ തൊടുന്നതുമായ അവതരണമാണ് സംവിധായകന്റേത്.

പ്രണയത്തിന്റെ ആഴവും അതിലെ വൈകാരിക നിമിഷങ്ങളും കൃത്യമായ പേസിംഗിലൂടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും സ്വാഭാവികതയോടെ സ്‌ക്രീനിലെത്തിക്കാനും സാധിച്ചു.

ഈ മ്യൂസിക് വീഡിയോയുടെ പ്രധാന കരുത്ത് സംഗീതവും വരികളുമാണ്. അമര്‍നാഥിന്റെ മനോഹരമായ സംഗീതവും ആലാപനവും പാട്ടിന് പ്രത്യേക ഭംഗി നല്‍കുന്നു. അശ്വതി എസ്. അടൂരിന്റെ വരികള്‍ പ്രണയത്തിന്റെ ആര്‍ദ്രത ഒട്ടും ചോര്‍ന്നുപോകാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന രീതിയിലാണ്.

അമല്‍ മാര്‍ട്ടിന്റെ പ്രോഗ്രാമിംഗ് പാട്ടിന്റെ മൂഡിന് അനുയോജ്യമായ അന്തരീക്ഷമൊരുക്കി. ചന്തു മേപ്പയ്യൂരിന്റെ ഛായാഗ്രഹണം ദൃശ്യങ്ങള്‍ക്ക് മികച്ച കാന്തികത നല്‍കി. ഫ്രെയിമുകളിലെ വെളിച്ചവും കളര്‍ ടോണും പ്രണയാന്തരീക്ഷത്തെ കൂടുതല്‍ മനോഹരമാക്കി.

അഭിന്‍ കൃഷ്ണയുടെ എഡിറ്റിംഗ് ദൃശ്യങ്ങളും സംഗീതവും തമ്മിലുള്ള ലയനം തടസ്സമില്ലാതെ കാത്തുസൂക്ഷിച്ചു. ചാരുത് ചന്ദ്രന്റെ മേക്കപ്പും വേവ് മീഡിയ സ്റ്റുഡിയോയിലെ ശബ്ദമിശ്രണവും ചിത്രത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി.

ചടങ്ങില്‍ ഗാനരചയിതാവ് നിധീഷ് നടേരി, അഭിനേത്രി പ്രിയ ശ്രീജിത്ത് എന്നിവര്‍ മുഖ്യാതിഥികളായി. കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ ക്യുഎഫ്എഫ്‌കെക്ക് വേണ്ടി രക്ഷാധികാരി ഭാസ്‌കരന്‍ വെറ്റിലപ്പാറയും പ്രസിഡന്റ് രഞ്ജിത് നിഹാറും എംഎല്‍എയെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഹരി ക്ലാപ്‌സ് പരിപാടി അവതരിപ്പിച്ചു. അര്‍ജുന്‍ സാരംഗി, വിഷ്ണു ജനാര്‍ദ്ദനന്‍, ആശ്ലി വിജയ സുരേഷ്, സുകന്യ അനൂപ് എന്നിവരാണ് അഭിനേതാക്കള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379460/hridayame-musical-video-preview-kozhiode-sarangi-creations)