---
title: "പേരാമ്പ്ര സപ്ലൈകോയില്‍ ഓണം ഫെയറിന് തുടക്കം; അവശ്യ സാധനങ്ങള്‍ക്ക് വന്‍ ഓഫറുകള്‍"
english_title: "Perambra Supplyco Onam Fair Inaugurated with Discounts and Offers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379470/perambra-supplyco-onam-fair-inaugurated"
published_at: "2026-08-21T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8812d05a27f_perambra-supplyco-onam-fair-inaugurated.jpg"
keywords: []
---

# പേരാമ്പ്ര സപ്ലൈകോയില്‍ ഓണം ഫെയറിന് തുടക്കം; അവശ്യ സാധനങ്ങള്‍ക്ക് വന്‍ ഓഫറുകള്‍

> **Lead Summary:** പേരാമ്പ്ര: ഓണത്തോടനുബന്ധിച്ച് അവശ്യ സാധനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഓണം ഫെയറിന് പേരാമ്പ്ര സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ തുടക്കമായി.

## Article Content

പേരാമ്പ്ര: ഓണത്തോടനുബന്ധിച്ച് അവശ്യ സാധനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഓണം ഫെയറിന് പേരാമ്പ്ര സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ തുടക്കമായി.

ആകര്‍ഷകമായ ഓഫറുകള്‍, സമ്മാന പദ്ധതികള്‍, വിലക്കിഴിവുകള്‍ എന്നിവയിലൂടെ ഓണക്കാലത്തെ ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് സപ്ലൈകോയുടെ ലക്ഷ്യം.

പേരാമ്പ്ര നിയോജക മണ്ഡലം തല ഓണം ഫെയറിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി നിര്‍വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം വി.കെ. സജീന ആദ്യ വില്‍പ്പന നിര്‍വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ മരുതേരി, ആര്‍.കെ. മുനീര്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, രാജന്‍ വര്‍ക്കി, കെ.കെ. പ്രേമന്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ.എം. അബ്ദുള്‍ റൗഫ്, സപ്ലൈകോ പേരാമ്പ്ര സൂപ്പര്‍ മാര്‍ക്കറ്റ് ഇന്‍ ചാര്‍ജ് ഒ.സി. ദീപ എന്നിവര്‍ സംസാരിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മിനി വട്ടക്കണ്ടി പറഞ്ഞു. ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ ഫെയര്‍. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓണം ഫെയറിന്റെ ഭാഗമായി വിവിധ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അവസരം ഉണ്ടാകണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379470/perambra-supplyco-onam-fair-inaugurated)