---
title: " ഓണക്കാലം: നൊച്ചാട് പഞ്ചായത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധന"
english_title: "Health Department Tightens Inspection in Nochad for Onam Food Safety"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379494/nochad-health-department-onam-food-safety-inspection"
published_at: "2026-08-21T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8831d3cccdc_hyuuuuuuuuu.jpg"
keywords: ["Health Department", "Onam", "Food Safety", "Inspection"]
---

#  ഓണക്കാലം: നൊച്ചാട് പഞ്ചായത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധന

> **Lead Summary:** നൊച്ചാട്: ഓണക്കാലത്ത് ഭക്ഷ്യ വിഷബാധയും പകര്‍ച്ചവ്യാധികളും തടയുന്നതിന്റെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി.

## Article Content

നൊച്ചാട്: ഓണക്കാലത്ത് ഭക്ഷ്യ വിഷബാധയും പകര്‍ച്ചവ്യാധികളും തടയുന്നതിന്റെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി.

നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. വെള്ളിയൂര്‍, ചാലിക്കര, മുളിയങ്ങല്‍, കൈതക്കല്‍ എന്നീ പ്രദേശങ്ങളിലെ 34 വ്യാപാര സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 3 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. പ്രകാശന്‍, കെ.ടി. ജോഗേഷ്, കെ രജനി, പി. റുബീന, പി.എച്ച്.എന്‍. ബുഷറ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളിലെ കുടിവെള്ള ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണമെന്നും കുടിവെള്ളം ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണമെന്നും നിര്‍ദേശം നല്‍കി. ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമാനുസൃത രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഭക്ഷണം വാങ്ങുന്നതിന് മുന്‍പ് സ്ഥാപനങ്ങളുടെ ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379494/nochad-health-department-onam-food-safety-inspection)