---
title: "ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ മാനവികതയുടെ ഓണാഘോഷം"
english_title: "St. Antony's LPS Chakkittappara Celebrates Onam with Community Spirit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379497/st-anthonys-lps-chakkittappara-onam-celebration"
published_at: "2026-08-21T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88300b983d3_puls.JPG"
keywords: ["St Antonys LPS", "Chakkittappara", "Onam Celebration", "School"]
---

# ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ മാനവികതയുടെ ഓണാഘോഷം

> **Lead Summary:** **ചക്കിട്ടപ്പാറ: **സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ വിപുലവും വ്യത്യസ്തവുമായ ഓണാഘോഷം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിച്ചുകൊണ്ടുള്ള ആഘോഷം കരുതലിന്റെയും സഹാനുഭൂതിയുടെയും മാതൃകയായി. 

## Article Content

**ചക്കിട്ടപ്പാറ: **സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ വിപുലവും വ്യത്യസ്തവുമായ ഓണാഘോഷം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിച്ചുകൊണ്ടുള്ള ആഘോഷം കരുതലിന്റെയും സഹാനുഭൂതിയുടെയും മാതൃകയായി. 

സ്‌കൂള്‍ മാനേജര്‍ ജേക്കബ് കപ്പലുമാക്കല്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. 

ഓണക്കളികളും ഓണസദ്യയും മാത്രമല്ല, സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെയും കുടുംബത്തിലെ മുതിര്‍ന്നവരെയും ചേര്‍ത്തുപിടിക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങളാണ് ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത.

സമൂഹത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന നിര്‍ധനരായ അമ്മമാരെ പ്രത്യേകമായി ആദരിക്കുകയും അവര്‍ക്ക് ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. കരുതലിന്റെയും മാനവികതയുടെയും സന്ദേശമാണ് ഈ ചടങ്ങ് നല്‍കിയത്. 

അതോടൊപ്പം വിദ്യാലയത്തിലെ കുട്ടികളുടെ മുത്തശ്ശീ മുത്തശ്ശന്മാരെയും പ്രത്യേകമായി ആദരിച്ചു. കുടുംബബന്ധങ്ങളുടെയും തലമുറകള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്ക് പകരുന്ന മനോഹരമായ അനുഭവമായി ഈ ആദരം മാറി. 

പൂര്‍വ അധ്യാപിക ത്രേസ്യാമ്മ കൊയിലിടം പഴയകാല ഓണത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. പഴയകാല ഓണാചാരങ്ങളെയും ആഘോഷരീതികളെയും കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ പുതുതലമുറയ്ക്ക് വേറിട്ടൊരു പാഠമായി.  

ഗ്രാമ പഞ്ചായത്തംഗം ബിന്ദു ബാലകൃഷ്ണന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ദീപ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തീന്‍ കോടേരി, പി.ടി.എ പ്രസിഡന്റ് കെ.ജി. രമേശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

അധ്യാപകരായ ബിപിന്‍ ജോര്‍ജ്, ഇ.പി. നുസ്രത്ത്, അലന്‍ റോയ്, പി. ശില്‍പ, മെറിന്‍ ജോര്‍ജ്, സിസ്റ്റര്‍ ദീപ, അലോണ ജോണ്‍സണ്‍, ആന്‍ ലിസ ജോര്‍ജ്, ടെസ്സ സജി, അതുല്യ ജോര്‍ജ്, ഫ്രെഡിന സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

വിദ്യാലയത്തിലെ കുട്ടികളിലും അധ്യാപകരിലും ഒതുങ്ങാതെ ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാര-വ്യവസായ മേഖലയിലുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ ഓണസദ്യയിലും ആഘോഷ പരിപാടികളിലും പങ്കാളികളായി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379497/st-anthonys-lps-chakkittappara-onam-celebration)